കോട്ടയം: കൃത്യമായി ക്ലാസെടുക്കുന്നില്ലെന്നാരോപിച്ച് മലബാർ ജില്ലകളിലേക്ക് സ്ഥലംമാറ്റപ്പെട്ട ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്.എസ് അധ്യാപകർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ പരാതി നൽകി. സ്ഥലംമാറ്റം ഉടൻ പ്രാബല്യത്തിൽ വരുത്താനാണ് ഉത്തരവെങ്കിലും അധ്യാപകർ വിടുതൽ നേടിയിട്ടില്ല. സ്കൂളിൽ പകരം അധ്യാപകരെത്തിയിട്ടുമില്ല. നീതു ജോസഫ് (ഇംഗ്ലീഷ്), വി.എം. രശ്മി (ബോട്ടണി), ടി.ആർ. മഞ്ജു (കോമേഴ്സ്), എ.ആർ. ലക്ഷ്മി (ഹിന്ദി), ജെസി ജോസഫ് (ഫിസിക്സ്) എന്നിവരെയാണ് സ്ഥലംമാറ്റിയത്.
അതേസമയം, അധ്യാപകർക്കെതിരായ നടപടിക്കുപിന്നിൽ രാഷ്ട്രീയ ഇടപെടലാണെന്ന് ആരോപണമുണ്ട്. ഭരണപക്ഷ സംഘടനയുടെ മുതിർന്ന നേതാവായിരുന്ന പ്രിൻസിപ്പലിന്റെ പരാതിയിലാണ് നടപടി. ഇദ്ദേഹം മാർച്ചിൽ വിരമിച്ചു. 2023 ഫെബ്രുവരിയിൽ പ്രിൻസിപ്പലിനെതിരെ അധ്യാപകർ പരാതി നൽകിയിരുന്നു. അതിൽ നടപടിയുണ്ടായില്ല. ഇപ്പോഴത്തെ പരാതിയിൽ അന്വേഷണം നടത്തിയ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ആരോപണവിധേയരായ അധ്യാപകരെ കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് പരാതി.
പ്രിൻസിപ്പൽ സ്റ്റാഫ് മുറിയിൽ അധ്യാപകരെ നിരീക്ഷിക്കാൻ സി.സി ടി.വി കാമറ വെച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് മറ്റ് അധ്യാപകർ പറയുന്നു. സ്വകാര്യത ഹനിക്കുന്ന ഈ നടപടിയെ വനിത അധ്യാപകർ ചോദ്യംചെയ്തു. പ്രിൻസിപ്പലിന്റെ മുറിയിൽ കയറി പലരും ഈ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തിരുന്നതായും അധ്യാപകർക്ക് പരാതിയുണ്ട്. തുടർന്ന് നാല് വനിത അധ്യാപകർ വനിത കമീഷനിൽ പരാതി നൽകി. കമീഷൻ അധ്യക്ഷ ഏപ്രിൽ 17ന് സ്കൂൾ സന്ദർശിച്ച് പ്രിൻസിപ്പൽ ഇൻ ചാർജിൽനിന്നും അധ്യാപകരിൽനിന്നും വിവരങ്ങൾ തേടി.
പ്രിൻസിപ്പലിന്റെ മുറിയിൽ ആർക്കും കയറിവന്ന് ദൃശ്യങ്ങൾ നിരീക്ഷിക്കാവുന്ന വിധമാണ് കാമറ സ്ഥാപിച്ചിരിക്കുന്നതെന്ന് കമീഷൻ കണ്ടെത്തി. അധ്യാപകരുടെ ക്ലാസ് കാമറയിൽ വീക്ഷിച്ച് പി.ടി.എയിലെ ചില അംഗങ്ങൾ ആക്ഷേപം പറയുകയുമുണ്ടായി. മറ്റ് അധ്യാപകരും കാമറ മാറ്റുന്നതാണ് ഉചിതമെന്ന് മൊഴി നൽകി. സ്റ്റാഫ് മുറിയിലെ കാമറ സൂം ചെയ്യാനും സൂക്ഷ്മമായി കാണാനും സാധിക്കുന്നതാണ്. സ്വകാര്യതക്ക് ഭംഗം വരുത്തുന്നതിനാൽ കാമറ മാറ്റുന്നതാണ് അഭികാമ്യമെന്നായിരുന്നു കമീഷന്റെ അഭിപ്രായം.
സർക്കാർ നിഷ്കർഷിച്ച നിർദേശങ്ങൾക്കനുസരിച്ചല്ല പി.ടി.എ എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചിട്ടുള്ളത്. സ്കൂളിൽ പോഷ് ആക്ട് പ്രകാരം ഇന്റേണൽ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും അധ്യക്ഷയായ മുതിർന്ന അധ്യാപികക്ക് ആരൊക്കെയാണ് അംഗങ്ങൾ എന്നറിയില്ല. പോഷ് ആക്ട് പ്രകാരം അടിയന്തരമായി ഇന്റേണൽ കമ്മിറ്റി രൂപവത്കരിച്ച് അധ്യാപകരുടെ പരാതി കേട്ട് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശിച്ച് കമീഷൻ മേയ് എട്ടിന് പ്രിൻസിപ്പലിന് കത്ത് നൽകിയിരുന്നു. അതിനിടെയാണ് സ്ഥലംമാറ്റം.
കോട്ടയം: ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്.എസിലെ അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവിൽ അനുചിതമായ ചില പരാമർശങ്ങൾ കടന്നുകൂടിയത് ശ്രദ്ധയിൽപെട്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു. ഇത്തരം ഉത്തരവ് ഇറക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഉദ്യോഗസ്ഥതലത്തിൽനിന്ന് വിശദീകരണം തേടി. വേണ്ട തിരുത്തൽ നടപടികൾ വരുത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. സ്ഥലംമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ) സംസ്ഥാന പ്രസിഡൻറ് കെ. വെങ്കിടമൂർത്തി, ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് എന്നിവർ മന്ത്രിയെയും പൊതുവിദ്യാഭ്യാസ ഡയറക്ടറെയും കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.