കൽപറ്റ: ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞ കോട്ടയത്തെ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികമാരെ മലബാറിലെ സ്കൂളുകളിലേക്ക് സ്ഥലംമാറ്റിയത് വിവാദത്തിൽ. ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്.എസിലെ അഞ്ച് അധ്യാപികമാരെയാണ് കഴിഞ്ഞ ദിവസം വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സ്കൂളുകളിലേക്ക് മാറ്റിയത്.
മൂന്നുപേരെ വയനാട്ടിലെ ഗോത്രമേഖലയിലെ സ്കൂളുകളിലേക്കാണ് അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റിയിരിക്കുന്നത്. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയതോടെ വയനാട് ജില്ല പഞ്ചായത്തും വിദ്യാർഥി സംഘടനകളുമടക്കം പ്രതിഷേധവുമായി രംഗത്തെത്തി.
ചങ്ങനാശ്ശേരി സ്കൂളിലെ നീതു ജോസഫിനെ വയനാട് കല്ലൂർ ഗവ. എച്ച്.എസ്.എസിലേക്കും വി.എം. രശ്മിയെ നീർവാരം സ്കൂളിലേക്കും എ.ആർ. ലക്ഷ്മിയെ പെരിക്കല്ലൂർ സ്കൂളിലേക്കുമാണ് മാറ്റിയത്. ടി.ആർ. മഞ്ജുവിനെ കണ്ണൂർ വെല്ലൂർ ഗവ. എച്ച്.എസ്.എസിലേക്കും ജെസ്സി ജോസഫിനെ കോഴിക്കോട് ബേപ്പൂർ സ്കൂളിലേക്കും മാറ്റിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
കുട്ടികൾക്ക് മനസ്സിലാകാത്ത രൂപത്തിൽ ക്ലാസെടുക്കുന്നു, ക്ലാസ് സമയങ്ങളിൽ സ്റ്റാഫ് റൂമിൽ ഉറങ്ങുന്നു, വിജയശതമാനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നു, വൈവയുടെയും പ്രാക്ടിക്കലിന്റെയും പേരിൽ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു, പ്രിൻസിപ്പലിനെയടക്കം അവമതിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് ആർ.ഡി.ഡിയുടെ അന്വേഷണത്തിൽ തെളിഞ്ഞത്.
നിലവിൽതന്നെ പഠനനിലവാരത്തിൽ പിന്നാക്കമായ വയനാട്ടിലെ സ്കൂളുകളിലേക്ക് ഇത്തരം അധ്യാപകരെ അയച്ചാൽ അത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് കത്തയച്ചു. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികളെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ പറയുന്നു.
പ്ലസ് വണ്ണിന് സീറ്റ് അനുവദിക്കാത്തതടക്കം കാലങ്ങളായി സർക്കാർ വയനാടിനെ അവഗണിക്കുകയാണെന്നും വിവേചനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും പിൻവലിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും കെ.എസ്.യു ജില്ല പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽ ദാസ് പറഞ്ഞു. വയനാട്ടിലെ വിദ്യാർഥികളെ വീണ്ടും ‘ശിക്ഷിക്കുന്ന’ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പിൻവലിച്ചില്ലെങ്കിൽ സമരത്തിന് നേതൃത്വം നൽകുമെന്ന് എം.എസ്.എഫ് ജില്ല പ്രസിഡന്റ് റിൻഷാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.