കൊച്ചി: കെ.എസ്.ആർ.ടി.സി സൂപ്പർ ക്ലാസ് ബസുകളിൽ നിർത്തി യാത്ര പാടില്ലെന്ന േമാേട്ടാർ വാഹന ചട്ടത്തിലെ വ്യവസ്ഥയിൽ ഇളവനുവദിച്ച് സർക്കാർ അടിയന്തര ഉത്തരവ് ഇറക്കും. നിൽപ് യാത്ര പാടില്ലെന്ന കോടതി ഉത്തരവ് മറികടക്കാൻ നിയമ ഭേദഗതിക്ക് കാത്തുനിൽക്കാതെ എത്രയും വേഗം എക്സിക്യൂട്ടിവ് ഉത്തരവ് ഇറക്കണമെന്ന നിയമോപദേശത്തിെൻറ പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. നിൽപ് യാത്ര വിലക്കുന്ന വ്യവസ്ഥയുടെ പരിധിയിൽനിന്ന് സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ് ബസുകളെ ഒഴിവാക്കിയാവും ഉത്തരവ്. സൂപ്പർ ഡീലക്സ്, ലക്ഷ്വറി ബസുകൾക്ക് ഇളവ് നടപ്പാക്കാനിടയില്ല.
കെ.എസ്.ആർ.ടി.സി സൂപ്പർ ക്ലാസ് ബസുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യുന്നത് വിലക്കി ചൊവ്വാഴ്ചയാണ് ഹൈകോടതി ഉത്തരവുണ്ടായത്. സൂപ്പർ ക്ലാസ് ബസുകളിൽ ആളെ നിർത്തി യാത്ര പാടില്ലെന്ന് കേരള മോട്ടോർ വാഹന ചട്ടത്തിലെ 267ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്ന സാഹചര്യത്തിൽ അത് കർശനമായി നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്. ആവശ്യമെന്നു കണ്ടാൽ സർക്കാറിന് ചട്ടം ഭേദഗതി ചെയ്യാൻ തടസ്സമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
കോടതി ഉത്തരവിനെതിരെ റിവിഷൻ ഹരജിയോ അപ്പീലോ നൽകി കോടതി മുഖേന തന്നെ പരിഹാരം കാണാനുള്ള നീക്കം ഫലപ്രദമാകില്ലെന്ന വിലയിരുത്തലാണ് സർക്കാറിന് ലഭിച്ചിട്ടുള്ളത്. ഇതിനുള്ള സാധ്യത ആരാഞ്ഞ് സബ്മിഷൻ ഉന്നയിച്ചെങ്കിലും ഇത് പുതിയ ഉത്തരവല്ലെന്നും നിലവിലെ ചട്ടം പാലിക്കാൻ നിർദേശിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും വ്യക്തമാക്കുകയാണ് കോടതി ചെയ്തത്. ഇൗ സാഹചര്യത്തിൽ നിലവിലെ ചട്ടം പാലിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിക്കാൻ സർക്കാറിന് കഴിയില്ല. കരട് വിജ്ഞാപനം, ഹിയറിങ്, ഒത്തുതീർപ്പ്, അന്തിമ വിജ്ഞാപനം തുടങ്ങിയ നടപടിക്രമങ്ങളിലൂടെ നിയമഭേദഗതി യാഥാർഥ്യമാക്കാനും മാസങ്ങൾ വേണ്ടി വരും. ഇൗ സാഹചര്യത്തിലാണ് അടിയന്തരമായി കോടതി ഉത്തരവ് മറികടക്കാനുള്ള മാർഗമെന്ന നിലയിൽ എക്സിക്യൂട്ടിവ് ഉത്തരവ് പുറപ്പെടുവിക്കാൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ നിർദേശിച്ചത്. 1989ലെ കേരള മോേട്ടാർ വെഹിക്കിൾസ് റൂൾ 334 പ്രകാരം എക്സിക്യൂട്ടിവ് ഉത്തരവിലൂടെ ചട്ട വ്യവസ്ഥകളിൽ സർക്കാറിന് ഇളവനുവദിക്കാൻ അനുമതിയുണ്ട്. ഉത്തരവ് പുറപ്പെടുവിച്ചാലും നിയമഭേദഗതിക്കുള്ള നടപടി ഉടൻ ആരംഭിക്കണമെന്നും എ.എ.ജി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.