ശ്രീനഗർ: വിമാനം ലഭിക്കാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര പ്രതിസന്ധിയിലാണെന്ന് കശ്മീരിലുള്ള ടി.സിദ്ദിഖ് എം.എൽ.എ. നാട്ടിലേക്ക് മടങ്ങാൻ ശ്രീനഗറിൽ നിന്ന് ഇതുവരെ വിമാനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിരവധി മലയാളികൾ കശ്മീരിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടെയുള്ള വിനോദസഞ്ചാരികൾ പരിഭ്രാന്തിയിലാണ്. എന്നാൽ, നാട്ടുകാർക്ക് കാര്യമായ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും പ്രതിപക്ഷ നേതാവുമായും ചർച്ചകൾ നടത്തി. നോർക്കയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാളെയുള്ള വിമാനത്തിൽ സീറ്റ് ലഭിച്ചിട്ടില്ല. വിമാന സർവീസ് കുറവാണ് എന്നതാണ് പ്രശ്നം. അടുത്ത ദിവസം തന്നെ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദീഖ് പറഞ്ഞു. നിയമസഭ സബ്ജക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് കൽപ്പറ്റ എം.എൽ.എ ടി.സിദ്ദിഖ്, തിരൂരങ്ങാട് എം.എൽ.എ കെ.പി.എ മജീദ്, നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ, കൊല്ലം എം.എൽ.എ മുകേഷ് എന്നിവർ കശ്മീരിലെത്തിയത്.
ജമ്മുകശ്മീരിൽ 258 മലയാളികൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. നോർക്കയുടെ നേതൃത്വത്തിൽ ഇവരെ തിരിച്ചെത്തിക്കാനുള്ള നീക്കം തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ കശ്മീർ ഭീകരാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.