തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ട്രഷറി നിയന്ത്രണം ജനുവരി രണ്ടാംവാരത്തോടെ നീക്കുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 6100 കോടി രൂപ കൂടി വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളുടെ ചെലവഴിക്കാതെ കിടന്ന 6000 കോടി രൂപ ട്രഷറിയിൽനിന്ന് മാറ്റിയതോടെയാണ് നാല് വർഷത്തിനുശേഷം വീണ്ടും വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകിയത്. 13,000 കോടി രൂപയിൽ 6000 കോടി രൂപയാണ് മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റിയത്. പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതോടെ ട്രഷറി ഞെരുക്കം മാറുമെന്നും നിയന്ത്രണം നീക്കുമെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക ഞെരുക്കം മൂലം രണ്ടു മാസം മുമ്പാണ് ട്രഷറിയിലെ പണം ഇടപാടിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരു ദിവസം 50 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കുന്നതിന് നിയന്ത്രണമുണ്ട്. ശമ്പളം, ക്ഷേമ ആനുകൂല്യങ്ങൾ, സ്വന്തം പേരിൽ ട്രഷറി സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിച്ച പണം എന്നിവ ഒഴികെ പിൻവലിക്കുന്നത് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ജനുവരി രണ്ടാം വാരത്തോടെ ഇതെല്ലാം നീക്കും. ശേഷം 25 ലക്ഷം രൂപക്ക് മുകളിൽ വരുന്ന ബിൽ തുക മാറുന്നതിന് മാത്രം മുൻകൂർ അനുമതി മതിയാകും.
20,000 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വർഷം വായ്പയെടുക്കാൻ അനുമതിയുണ്ടായിരുന്നത്. ഇതിൽ ആദ്യ മൂന്ന് പാദത്തിൽ തന്നെ 14,000 കോടി വായ്പയെടുത്തു.13,000 കോടി രൂപ വിവിധ വകുപ്പുകളുടെയും സേവിങ്സ് അക്കൗണ്ടുകളിലുമായി ട്രഷറി നിക്ഷേപമായുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് പൊതുവിപണിയിൽനിന്ന് വായ്പയെടുക്കുന്നതിൽനിന്ന് 6000 കോടി കിഴിച്ചത്. കേന്ദ്രനിർദേശം മറികടക്കുന്നതിന് മന്ത്രിസഭയോഗ തീരുമാനം അനുസരിച്ചാണ് വിവിധ വകുപ്പുകളുടെ ചെലവഴിക്കാതെ കിടന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്.
ട്രഷറി നിയന്ത്രണം ഒഴിവാകുന്നതോടെ കരാറുകാരുടെ ബില്ലുകൾ മാറുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവിടുന്നതിനുമുള്ള നിയന്ത്രണങ്ങളും ഇല്ലാതാകും. ധനകമ്മി മൂന്ന് ശതമാനത്തിൽ നിർത്തി ചെലവ് ചെയ്യുന്ന രീതി തന്നെ തുടരും. സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കിൽ കിഫ്ബി വായ്പയെ വരെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കിഫ്ബിയുടെ െക്രഡിറ്റ് റേറ്റിങ് എ പ്ലസാണ്. അതിനാൽ വായ്പക്ക് പ്രതിസന്ധിയുണ്ടാകില്ല. ബജറ്റ് ക്രമത്തിൽ നടന്നാൽ മാത്രമേ ഈ നേട്ടം നിലനിർത്താൻ കഴിയൂ. ട്രഷറി നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തില്ലെന്നും തോമസ് െഎസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.