കൊച്ചി: പട്ടികജാതി വിഭാഗങ്ങളുടെ ചികിത്സ സഹായ വിതരണം പരിഷ്കരിക്കാൻ സർക്കാർ തീരുമാനം. ചികിത്സ സഹായത്തിന് അപേക്ഷ നൽകിയ ശേഷം ഗുണഭോക്താവ് മരിച്ചാൽ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മക്കൾ എന്നിവർക്ക് തുക മാറി നൽകാൻ ബന്ധപ്പെട്ട നിയന്ത്രണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. 50,000 രൂപക്ക് മുകളിൽ വരുന്ന ചികിത്സ സഹായം ആശുപത്രി അക്കൗണ്ടിൽ നൽകണമെന്ന വ്യവസ്ഥയിലും ഇളവ് നൽകി. ചികിത്സയിൽ കഴിയുന്ന രോഗി ആശുപത്രികളിൽനിന്ന് വിടുതൽ വാങ്ങിയതിന് ശേഷമാണ് ധനസഹായം അനുവദിക്കുന്നതെങ്കിൽ വിടുതൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഈ തുക രോഗിയുടെയോ അപേക്ഷകന്റേയോ അക്കൗണ്ടിൽ നൽകാം.
ഏറക്കാലമായി ഉയരുന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. നേരത്തേ ചികിത്സ സഹായത്തിന് അപേക്ഷിക്കുന്ന രോഗി മരിച്ചാൽ തുക മാറിയെടുക്കാൻ നിരവധി സാങ്കേതിക പ്രയാസങ്ങളാണ് ബന്ധുക്കൾ നേരിട്ടിരുന്നത്. ആശുപത്രി വിടുന്ന രോഗികൾക്ക് അനുവദിക്കുന്ന ധനസഹായം ആശുപത്രികളുടെ അക്കൗണ്ടുകളിലാണ് വന്നിരുന്നതെന്നതിനാൽ ഇത് ആശുപത്രിക്കും രോഗികൾക്കും തലവേദനയും സൃഷ്ടിച്ചിരുന്നു.
നിർധനരും മാരകരോഗം ബാധിച്ചവരും ദീർഘകാല ചികിത്സ ആവശ്യമുള്ളവർക്കുമാണ് ചികിത്സ സഹായം നൽകുന്നത്. ഇതിനായി പട്ടികജാതി വിഭാഗങ്ങൾക്കുള്ള ആരോഗ്യ സുരക്ഷ പദ്ധതിയിൽനിന്നും പരമാവധി ഒരുലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്.സംസ്ഥാനത്ത് പ്രതിവർഷം എണ്ണായിരത്തോളം പേരാണ് വകുപ്പിന്റെ ചികിത്സ സഹായത്തിന് അപേക്ഷിക്കുന്നത്. ഒരുലക്ഷം രൂപയിൽ താഴെ വരുമാനമുള്ള രോഗികൾ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിൽനിന്നും വകുപ്പിന്റെ ടി ഗ്രാന്റ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. സ്ഥലം എം.എൽ.എ, എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവരിലാരുടെയെങ്കിലും ശിപാർശ കത്തുണ്ടെങ്കിൽ ബ്ലോക്ക് പട്ടികജാതി ഓഫിസുകളിൽനിന്നും ഈ അപേക്ഷകൾ നേരിട്ട് വകുപ്പ് മന്ത്രിയുടെ ഓഫിസിലേക്ക് അയക്കുകയും അവിടെനിന്ന് ഫണ്ട് അനുവദിക്കുകയും ചെയ്യും.
ശിപാർശയില്ലാത്ത അപേക്ഷകൾ ബ്ലോക്കുതല ഓഫിസർമാർ അന്വേഷിച്ച് ജില്ല ഓഫിസുകളിലേക്കും അവിടെനിന്ന് സംസ്ഥാന ഓഫിസ് വഴി സെക്രട്ടേറിയറ്റിലേക്കുമാണ് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.