ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വ്യക്തിഗത ചികിത്സാ ചെലവ് കൂടുതലെന്ന് പഠനം. ആരോഗ്യമേഖലയിലെ വിവിധ സൂചികകളിൽ കേരളം സമാനതകളില്ലാത്തവിധം മുന്നിട്ടുനിൽക്കുകയും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സർക്കാറിൽനിന്ന് കൂടുതൽ ചികിത്സാ സഹായം ലഭിക്കുകയും ചെയ്തിട്ടും വ്യക്തികൾക്ക് സ്വന്തം പോക്കറ്റിൽനിന്ന് കൂടുതൽ പണം ചെലവാക്കുന്നുവെന്ന് അടുത്തിടെ പുറത്തിറക്കിയ നാഷനൽ ഹെൽത്ത് അക്കൗണ്ട്സ് (എൻ.എച്ച്.എ) വ്യക്തമാക്കുന്നു. അതേസമയം, പത്ത് വർഷത്തിനിടെ, ആരോഗ്യ-ചികിത്സ മേഖലക്കുള്ള കേന്ദ്രവിഹിതത്തിൽ ഇടിവ് രേഖപ്പെടുത്തുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിന്റെ മൊത്തം ആരോഗ്യ ചെലവ് (ടോട്ടൽ ഹെൽത്ത് എക്സ്പെൻഡിചർ) 48,034 കോടിയാണ്. മൊത്തം വരുമാനത്തിന്റെ 5.2 ശതമാനം വരുമിത്. അഥവാ, ആളോഹരി ചികിത്സാ ചെലവ് 13,343 രൂപ. ഇതിൽ സർക്കാർ വിഹിതം 4338 രൂപയാണ്. സ്വന്തം പോക്കറ്റിൽനിന്ന് ചെലവാകുന്നത് 7889 രൂപയും. താരതമ്യേന കുറഞ്ഞ ജനസംഖ്യയുള്ള കേരളത്തിൽ, ആരോഗ്യ മേഖലയുടെ ബജറ്റ് വിഹിതം പത്ത് ശതമാനത്തിനടുത്താണ്. അത്രയും പ്രാധാന്യം ആരോഗ്യ-ചികിത്സാമേഖലക്ക് നൽകുന്നുവെന്ന് ചുരുക്കം. എന്നിട്ടും, ബജറ്റിനു പുറമെ 8000 രൂപയോളം വീണ്ടും ചികിത്സക്കായി ഓരോ മലയാളിയും പ്രതിവർഷം നീക്കിവെക്കുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ജീവിതശൈലി രോഗങ്ങൾ, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചികിത്സ തേടാനുള്ള ഉയർന്ന പ്രവണത, ഉയർന്ന ആയുർദൈർഘ്യം തുടങ്ങിയവയാണ് ചെലവ് ഇത്രയും ഉയരുന്നതിന് കാരണമായി കണക്കാക്കുന്നത്. സ്വന്തം പൗരന്മാർക്ക് ചികിത്സക്കായി ഏറ്റവും കൂടുതൽ പണം നൽകുന്ന സംസ്ഥാനങ്ങളിൽ രണ്ടാമതാണ് കേരളം. ഒന്നാം സ്ഥാനത്തുള്ള ഹിമാചൽ ഓരോ വ്യക്തിക്കുമായി 5581 രൂപ നീക്കിവെച്ചിരിക്കുന്നു. ഈ ഗണത്തിൽ ഏറ്റവും കുറവ് ബിഹാറും യു.പിയുമാണ്. അവിടെ 1500 രൂപയിൽ താഴെ മാത്രമാണ് നീക്കിയിരിപ്പ്. നാലായിരത്തിന് മുകളിൽ പണം ചെലവഴിക്കുന്ന മറ്റൊരു പ്രദേശം ജമ്മു-കശ്മീരാണ്.
അതേസമയം, ഈ വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ പ്രകടനം അതിദയനീയമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ, ആരോഗ്യമേഖലക്കായുള്ള നീക്കിയിരിപ്പിൽ 0.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ആയുഷ്മാൻ ഭാരത് പോലുള്ള നിരവധി പദ്ധതികളുണ്ടായിട്ടും വ്യക്തിഗത ചികിത്സാ ചെലവ് ഇപ്പോഴും മൊത്തം ചെലവിന്റെ 40 ശതമാനത്തിൽ നിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.