കൊച്ചി: ഒപ്പമുള്ളവരെയും പ്രേക്ഷകരെയും പൊട്ടിച്ചിരിപ്പിച്ച് അകാലത്തിൽ വേർപിരിഞ്ഞ നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന് വിടചൊല്ലി. വരാപ്പുഴയിലെ വീട്ടിലും പുത്തൻപള്ളി പാരിഷ് ഹാളിലും സംസ്കാരം നടന്ന ചേരാനല്ലൂർ ശ്മശാനത്തിലും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരെത്തി അന്തിമോപചാരം അർപ്പിച്ചു.
കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സുബി സുരേഷ് ബുധനാഴ്ച രാവിലെ 9.35ഓടെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ വരാപ്പുഴയിലെ വസതിയിലെത്തിച്ചു. രാവിലെ എട്ട് മുതൽ 11 വരെ വീട്ടിലും തുടർന്ന് രണ്ടുമണി വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വെച്ചു.
വികാരനിർഭരമായ കാഴ്ചകളായിരുന്നു അവിടെയെല്ലാം. ദുഃഖം താങ്ങാനാകാതെ സിനിമ, മിമിക്രി മേഖലകളിലെ സഹപ്രവർത്തകർ വിങ്ങിപ്പൊട്ടി. സുബിയുടെ മാതാവിനെ സാന്ത്വനിപ്പിക്കാനും അവർ പാടുപെട്ടു.വീട്ടിലും പാരിഷ് ഹാളിലുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈബി ഈഡൻ എം.പി, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്,
അഭിനേതാക്കളായ ടിനി ടോം, രമേഷ് പിഷാരടി, കോട്ടയം നസീർ, ധർമജൻ ബോൾഗാട്ടി, കെ.എസ്. പ്രസാദ്, ഹരിശ്രീ അശോകൻ, മഞ്ജുപിള്ള, സാജൻ പള്ളുരുത്തി, രഞ്ജിനി ഹരിദാസ്, തെസ്നി ഖാൻ, ഹരിശ്രീ മാർട്ടിൻ, സാജു കൊടിയൻ, കുളപ്പുള്ളി ലീല, ബിജുക്കുട്ടൻ, ബീന ആൻറണി, കലാഭവൻ പ്രജോദ്, സുരേഷ് കൃഷ്ണ, സാജു നവോദയ, പ്രിയങ്ക, സംവിധായകരായ സിദ്ദീഖ്, അലി അക്ബർ, ബോബൻ സാമുവേൽ,
ഗായകരായ സുദീപ് കുമാർ, അഫ്സൽ, രാജലക്ഷ്മി, റിമി ടോമി, രഞ്ജിനി ജോസ്, നിർമാതാക്കളായ ആന്‍റോ ജോസഫ്, സുരേഷ് കുമാർ, മമ്മി സെഞ്ച്വറി, എഴുത്തുകാരൻ ശ്രീമൂലനഗരം മോഹൻ, ഡയാന സിൽവസ്റ്റർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.