കൊണ്ടോട്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കപ്പെട്ട സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്കാരം, ഔദ്യോഗിക വേദികളിലൂടെ മുസ്‌ലിം വിരുദ്ധത വളർത്തിയെടുക്കാനുള്ള സംഘ്പരിവാറിന്റെ അദൃശ്യ പദ്ധതിയുടെ ആവിഷ്കാരമാണെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ. ഇടതു സർക്കാറിന്റെ പുരോഗമന മുഖംമൂടിക്കകത്ത് ഒളിഞ്ഞു നിൽക്കുന്നത് സംഘ്പരിവാറിന്റെ അദൃശ്യമായ മുഖമാണെന്നും അവർ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത് ഇസ്‌ലാമോഫോബിയയുടെ ആശയങ്ങളാണെന്നും ഈ സംഭവം അടിവരയിട്ട് വ്യക്തമാക്കുന്നു.
വലതുപക്ഷ തീവ്രവാദികളുടെയും വംശീയവാദികളുടെയും വിദ്വേഷജനകമായ ആശയങ്ങൾ സർക്കാർ അംഗീകാരത്തോടെ അവതരിപ്പിക്കപ്പെടുന്നത്, ഇസ്‌ലാം സമം ഭീകരവാദം എന്ന പൊതുബോധം നിർമിച്ചെടുക്കാനുള്ള സംഘ്പരിവാര്‍ പദ്ധതിയെയും അവരുടെ വ്യാജ പ്രചാരണങ്ങളെയും മാത്രമേ സഹായിക്കൂ. ഇത്തരം പ്രവണതകളെ വളരാനനുവദിച്ചാൽ അത് ദൂരവ്യാപക സാമൂഹിക-സാംസ്കാരിക വിപത്തുകൾക്ക് കാരണമാകും.
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ വായ്ത്താരികൾ സദാ മുഴക്കുകയും എന്നാൽ, സംഘ്പരിവാറിന്റെ സാംസ്കാരിക ഒളിയജണ്ടകൾക്ക് രംഗപടമൊരുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സ്വീകരിച്ചുകൊണ്ടിരിക്കുന്ന വ്യാജ ഇടതുപക്ഷത്തിന് അത് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ, ജനാധിപത്യ വിശ്വാസികൾക്ക് ഈ കാപട്യം തിരിച്ചറിയാൻ ഒട്ടും പ്രയാസമില്ല. സര്‍ക്കാര്‍ വേദികളെ സംഘ്പരിവാറിന്റെ പ്രചാരണ വേദികളാക്കാനുള്ള ഗൂഢനീക്കത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.