കൊച്ചി: ഉന്നത നിലവാരമുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നം വിറ്റത് അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ആൻഡ്രോയിഡ് ആപ്ലിക്കേഷനും ഫുൾ എച്ച്.ഡി ടിവി യുമാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് എതിർകക്ഷികൾ ഉപഭോക്താവിനെ കബളിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
എറണാകുളം കാലടി സ്വദേശി ജോൺ പ്രകാശ് ബാവക്കാട്ട് എന്ന അഭിഭാഷകൻ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന റി ഡാക്സ് ഇൻഫോമാറ്റിക് സിസ്റ്റം സർവീസസ്, ഗോട്ട് മാറ്റർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
ഹോം തിയേറ്ററിൽ ഉപയോഗിക്കാൻ പറ്റിയ ആൻഡ്രോയിഡ് ടി.വിക്കായി 42,000 രൂപയാണ് പരാതിക്കാരൻ നൽകിയത്. സാമൂഹിക മാധ്യമങ്ങളിൽ കണ്ട പരസ്യത്തിൽ ഹോം തിയേറ്ററിൽ ഉപയോഗിക്കാൻ പറ്റിയ ക്വാളിറ്റി ഉണ്ടെന്ന് ഉപഭോക്താവിനെ വിശ്വസിപ്പിച്ചാണ് എതിർകക്ഷികൾ ടി.വി വിറ്റത്. വ്യാജമായ പരസ്യങ്ങൾ സാമൂഹിഷ മാധ്യമങ്ങളിലൂടെ നൽകി ഉപഭോക്താവിനെ കബളിപ്പിച്ച് എതിർകക്ഷിയുടെ നടപടി അധാർമികമായ വ്യാപാര രീതിയാണെന്നും സേവനത്തിൽ ന്യൂനതയുണ്ടെന്നും ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപ്പെട്ടു.
കോടതി നിയോഗിച്ച വിദഗ്ധൻ ടി.വി പരിശോധിക്കുകയും പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടി.വിയുടെ വിലയായ 42,000 രൂപയും നഷ്ടപരിഹാരവും കോടതി ചെലവുമായി 60,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നൽകാൻ എതിർ കക്ഷികൾക്ക് കോടതി നിർദേശം നൽകിയത്. പരാതിക്കാരനു വേണ്ടി അഡ്വ. ഇംത്യാസ് അഹമ്മദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.