അടിമാലി: ആനയിറങ്കൽ ജലാശയത്തിൽ കാണാതായ രാജകുമാരി പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി തച്ചമറ്റത്തിൽ ജെയ്സൺ (45), സുഹൃത്ത് നടുക്കുടിയിൽ (മോളോകുടിയിൽ) ബിജു (52) എന്നിവരാണ് മരിച്ചത്. മാർച്ച് രണ്ടിന് മകൾ കൃഷ്ണയുടെ വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചിരിക്കെയാണ് ബിജുവിന്റെ മരണം.
തിങ്കളാഴ്ച വൈകുന്നേരം നാലിനാണ് ഇവർ ഉൾപ്പെടുന്ന നാലംഗ സംഘം ആനയിറങ്കൽ ജലാശയത്തിൽ എത്തിയത്. ഡാമിന് സമീപം കുളിക്കാൻ ഇറങ്ങിയ സംഘത്തെ ഡാം സുരക്ഷാ ജീവനക്കാർ പിന്തിരിപ്പിച്ച് മടക്കി അയച്ചിരുന്നു. തുടർന്ന് തങ്ങൾ തമിഴ്നാട്ടിലേക്ക് പോവുകയാണെന്ന് മറ്റ് രണ്ടുപേരോട് പറഞ്ഞ ജെയ്സണും ബിജുവും വീണ്ടും ആനയിങ്കൽ ഡാമിന്റെ എതിർഭാഗത്ത് എത്തി. ഇവിടെ കുളിക്കാൻ ശ്രമിക്കുമ്പോൾ അബദ്ധത്തിൽ വെള്ളത്തിൽ വീണ ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ജെയ്സണും അപകടത്തിൽ പെട്ടതെന്നാണ് നിഗമനം.
ബിജുവിന്റെ വസ്ത്രങ്ങളും ചെരുപ്പും കരയിൽ തന്നെ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി മുതൽ ഇരുവരുടെയും ബന്ധുക്കൾ ഇവർക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ ആനയിറങ്കലിന് സമീപം ജെയ്സൻ്റെ വാഹനം കിടക്കുന്നത് കണ്ട ചില നാട്ടുകാരാണ് ഡാം സുരക്ഷാ വിഭാഗം ജീവനക്കാരെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിജുവിന്റെ വസ്ത്രങ്ങളും ഇരുവരുടെയും മൊബൈൽ ഫോണുകളും കരയിൽ നിന്ന് ലഭിച്ചു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജലാശയത്തിൽ പരിശോധന നടത്തി.
ഉച്ചകഴിഞ്ഞ് രണ്ടിനാണ് ജെയ്സന്റെ മൃതദേഹം ജലാശയത്തിൽ നിന്ന് ലഭിച്ചത്. ബിജുവിന്റെ മൃതദേഹം കണ്ടെത്താൻ കഴിയാതെ വന്നതോടെ തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ നിന്നും രണ്ട് സ്കൂബ ടീമുകളും എത്തി തിരച്ചിൽ ആരംഭിച്ചു. വൈകുന്നേരം മൂന്നരയോടെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നല്ല തണുപ്പുള്ളതാണ് ആനയിറങ്കൽ ഡാമിലെ വെള്ളം. കഴിഞ്ഞ വർഷം വള്ളം മറിഞ്ഞ് രണ്ടു പേർ മരിച്ചിരുന്നു. കാട്ടാന കൂട്ടത്തിൽ നിന്ന് രക്ഷപെടാൻ നേരമാണ് അന്ന് അപകടം സംഭവിച്ചത്.
ഐബിയാണ് മരിച്ച ജെയ്സന്റെ ഭാര്യ. മക്കൾ: അജൽ (പ്ലസ് വൺ വിദ്യാർത്ഥി), എയ്ഞ്ചൽ (ഏഴാം ക്ലാസ് വിദ്യാർത്ഥി). ബിജുവിന്റെ ഭാര്യ സുമത, മക്കൾ: കൃഷ്ണ, കാർത്തിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.