കട്ടപ്പന: ഓണാവധി ആഘോഷിക്കാൻ മുത്തച്ഛന്റെ വീട്ടിലെത്തിയ രണ്ട് കുട്ടികളിൽ ഒരാൾ ഇരട്ടയാർ ഡാമിൽ ഒഴുക്കിൽപെട്ട് മരിച്ചു. ഒഴുക്കിൽപെട്ട മറ്റൊരു കുട്ടിക്കായി തിരച്ചിൽ തുടരുന്നു. കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പന്റെ മകൻ അതുൽ പൊന്നപ്പനാണ് (അമ്പാടി -13) മരിച്ചത്.
ഉപ്പുതറ മൈലാടുംപാറ രതീഷിന്റെ മകൻ അസൗരേഷിനെയാണ് (അക്കു -12) കാണാതായത്. ഇരട്ടയാർ ഡാമിന്റെ തുരങ്ക മുഖത്തുനിന്നാണ് അതുലിന്‍റെ മൃതദേഹം കണ്ടെടുത്തത്. ഇടുക്കി അണക്കെട്ടിലേക്കുള്ള ഇരട്ടയാർ തുരങ്കത്തിലൂടെ ഒഴുകിപ്പോയെന്ന് കരുതുന്ന അസൗരേഷിനായി ഇടുക്കി ജലാശയത്തിലെ അഞ്ചുരുളിയിൽ തിരച്ചിൽ തുടരുകയാണ്.
കുട്ടികളുടെ മുത്തച്ഛൻ ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീടിന് സമീപം വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് അപകടം. രവിയുടെ മകൻ രതീഷിന്റെയും മകൾ രജിതയുടെയും മക്കളാണ് അപകടത്തിൽപെട്ടത്. കുട്ടികൾ രണ്ടുപേരും മറ്റു രണ്ട് കുട്ടികളോടൊപ്പം ഡാമിന് സമീപം പന്തുകളിക്കുകയായിരുന്നു. കളിക്കിടെ ജലാശയത്തിൽ വീണ പന്ത് അതുലും അസൗരേഷും ചേർന്ന് കൈകോർത്ത് പിടിച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു.
മറ്റു കുട്ടികൾ ബഹളംവെച്ച് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ അതുലിനെ തുരങ്കമുഖത്തുനിന്ന് കണ്ടെടുത്തു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗ്നിരക്ഷാ വിഭാഗവും പൊലീസും ചേർന്ന് അസൗരേഷിനുവേണ്ടി തുരങ്ക മുഖത്തും ഇരട്ടയാർ ഡാമിലും ദീർഘനേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇരട്ടയാർ ഡാമിൽനിന്ന് അഞ്ചുരുളി ജലാശയത്തിലേക്ക് തുറക്കുന്ന തുരങ്കത്തിലൂടെ ഒഴുകിപ്പോയിരിക്കാമെന്നാണ് നിഗമനം. അഞ്ചുരുളി തുരങ്കമുഖത്ത് വടംകെട്ടി കുട്ടിയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുരങ്കത്തിനുള്ളിൽ തടഞ്ഞുനിൽക്കാനുള്ള സാധ്യതയുമുണ്ടെന്ന് പൊലീസ് പറഞ്ഞു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. അതുലിന്റെ മൃതദേഹം കട്ടപ്പന സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വെള്ളിയാഴ്ച കൊല്ലത്തെ വീട്ടിൽ സംസ്കാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.