വടക്കഞ്ചേരി (പാലക്കാട്): ചാനൽ വാർത്തസംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അഷ്റഫലിയുടെ മകൻ മുഹമ്മദ് റോഷൻ (15), വടക്കഞ്ചേരി നായർകുന്ന് കൈതപ്പാടം വലിയ വീട്ടിൽ വി.എം. ഇക്ബാലിന്റെ മകൻ മുഹമ്മദ് ഇസാം (15) എന്നിവരാണ് മരിച്ചത്. വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത നീലിപ്പാറയിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം.
ട്വൻറി ഫോർ വാർത്തസംഘം സഞ്ചരിച്ച കാറാണ് ഇവരെ ഇടിച്ചത്. വാണിയമ്പാറ മേലേചുങ്കം പള്ളിയിൽ നമസ്കാരശേഷം സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥികളെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥികളിൽ ഒരാൾ 20 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. മറ്റൊരാൾ തെറിച്ച് കാറിന്റെ ചില്ലിൽ ഇടിച്ച ശേഷം റോഡരികിലേക്ക് പതിച്ചു.
ഗുരുതര പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഡ്രൈവർ തൃശൂർ തലോർ സ്വദേശി ഇമ്മാനുവലിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഹമ്മദ് ഇസാമിന്റെ മാതാവ്: നസീമ. സഹോദരി: ഇഷ. മുഹമ്മദ് റോഷന്റെ മാതാവ്: റംലത്ത്. സഹോദരങ്ങൾ: റഹീമ തസ്നി, രഹ്ന നസ്റിൻ. ഖബറടക്കം പോസ്റ്റ്മോർട്ടശേഷം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.