വിഴിഞ്ഞം പദ്ധതി നിർത്തിവെക്കണമെന്ന നിലപാട് യു.ഡി.എഫിനില്ല -ചെന്നിത്തല

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിർത്തിവെക്കണമെന്ന് യു.ഡി.എഫ് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങനെയൊരു നിലപാട് യു.ഡി.എഫിനില്ല. വിഴിഞ്ഞത്തിന് വേണ്ടി ധീരമായ തീരുമാനം എടുത്തയാളാണ് ഉമ്മൻചാണ്ടി. പദ്ധതിക്കു വേണ്ടി പിണറായി വിജയൻ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും 2019ൽ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സർക്കാരാണെന്നും നിയമസഭയിൽ നടന്ന ചർച്ചയിൽ ചെന്നിത്തല പറഞ്ഞു.

വിഴിഞ്ഞം സമരം സംബന്ധിച്ച് സഭയിൽ നടന്ന ചർച്ചയിലാണ് രമേശ് ചെന്നിത്തല അഭിപ്രായം വ്യക്തമാക്കിയത്. തുറമുഖ നിർമാണം നിർത്തിവെക്കണോ എന്ന് യു.ഡി.എഫ് വ്യക്തമാക്കണമെന്ന ഭരണ പക്ഷത്തിന്റെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല.

മന്ത്രി‍ക്കെതിരെ പുരോഹിതൻ‍ പറഞ്ഞതിനെ യു.ഡി.എഫ് എതിർത്തു. അബ്ദുറഹ്മാൻ തികഞ്ഞ മതേതരവാദിയാണ്. ആര് അക്രമം നടത്തിയാലും അത് ശരിയല്ല. ഈ നാട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോൾ ഇടപെടേണ്ട മുഖ്യമന്ത്രി മൗനം പാലിക്കുന്നു. മുഖ്യമന്ത്രി പക്വതയോടെ ഉണർന്ന് പ്രവർത്തിക്കണം. 133 ദിവസം ഈ സമരം നടന്നിട്ടും മുഖ്യമന്ത്രി സമരക്കാരുമായി സംസാരിക്കാത്തത് ലജ്ജാകരമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ഈ പദ്ധതി കൊണ്ടുവന്നത് യു.ഡി.എഫ് ആയതുകൊണ്ടുതന്നെ പദ്ധതി നടപ്പാക്കണമെന്നാണ് ആദ്യം മുതൽ ഞങ്ങളുടെ ആഗ്രഹം. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കണം. അവർ സ്വന്തം വീടും മണ്ണും രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും വികസനത്തിന് നൽകിയവരാണ്. അവരെ കൂടെനിർത്തി വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിന് പകരം അവരെ മർദിച്ചൊതുക്കാനും അവർക്ക് നേരെ പൊലീസിനേയും കേന്ദ്ര സേനയേയും ഉപയോഗിക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.6000 കോടിയുടെ പദ്ധതിയിൽ 7000 കോടിയുടെ അഴിമതിയെന്ന് ആക്ഷേപിച്ചത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്.

പദ്ധതി മുടക്കാൻ വേണ്ടി മുന്നോട്ടുവന്നത് ആരാണ്? ഉദ്ഘാടന ചടങ്ങിൽ പോലും നിങ്ങൾ പങ്കെടുത്തില്ല. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ഈ സർക്കാർ എന്ത് ചെയ്തു? പാറ ഇല്ലെങ്കിൽ പാറ കൊടുക്കാൻ സർക്കാർ തയാറാവുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളുണ്ടോ എന്ന് മുഖ്യമന്ത്രി പറയണം. ആന്റണി രാജുവിന്റെ സഹോദരൻ തീവ്രവാദി ആണോ എന്നും ചെന്നിത്തല ചോദിച്ചു.

Tags:    
News Summary - UDF does not want to stop the Vizhinjam project - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.