പനമരം പഞ്ചായത്തിൽ എല്‍.ഡി.എഫിനെ അട്ടിമറിച്ച് യു.ഡി.എഫ്; തൃണമൂൽ പിന്തുണയോടെ ലീഗ് പ്രതിനിധി ലക്ഷ്മി പ്രസിഡന്റ്

പനമരം പഞ്ചായത്തിൽ എല്‍.ഡി.എഫിനെ അട്ടിമറിച്ച് യു.ഡി.എഫ്; തൃണമൂൽ പിന്തുണയോടെ ലീഗ് പ്രതിനിധി ലക്ഷ്മി പ്രസിഡന്റ്

പനമരം: എല്‍.ഡി.എഫ് ഭരിക്കുന്ന വയനാട് പനമരം പഞ്ചായത്തില്‍ യു.ഡി.എഫിന് അട്ടിമറി ജയം. എൽ.ഡി.എഫിൽനിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേർന്ന ജനതാദള്‍ അംഗം ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. മുസ്‍ലിംലീഗ് പ്രതിനിധി 22ാം വാർഡ് വെള്ളരി വയലിൽ നിന്ന് വിജയിച്ച ലക്ഷ്മി ആലക്കമറ്റമാണ് പുതിയ പ്രസിഡന്റ്.

നേര​ത്തെ, തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് സി.പി.എമ്മിലെ ആസ്യ പ്രസിഡന്റായത്. കോൺഗ്രസ്സിലെ തോമസ് പാറക്കാലാണ് വൈസ് പ്രസിഡന്റ്. എന്നാൽ, മുന്നണികൾ തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമാവുകയും പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവിശ്വാസം പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. എൽ.ഡി.എഫിൽ നിന്നും പുറത്താക്കപ്പെട്ട 11ാം വാർഡ് മെംബർ ബെന്നി ചെറിയാന്റെ പിന്തുണയോടെ അവിശ്വാസം പാസായി. ബെന്നി പിന്നീട് തൃണമൂലിൽ ചേരുകയും യു.ഡി.എഫിനെ പിന്തുണക്കുകയുമായിരുന്നു.

പ്രസിഡന്റ് പദം ജനറൽ വനിത സംവരണമാണ്. യു.ഡി.എഫ് ധാരണപ്രകാരം മുസ്‍ലിം ലീഗിനാണ് സ്ഥാനം. ലീഗിന് നിലവിൽ മൂന്ന് വനിത അംഗങ്ങളാണുള്ളത്. കുണ്ടാലയിൽ നിന്നു വിജയിച്ചുവന്ന ഹസീന ശിഹാബിനെയായിരുന്നു പഞ്ചായത്ത് കമ്മിറ്റി പിന്തുണച്ചത്. എന്നാൽ, ഇത് സ്വീകരിക്കാൻ ഒരു വിഭാഗം തയാറായില്ല. അതോടെ പ്രസിഡന്റ് പദം വിവാദമായി. ഈ പരാതികൾ ജില്ലയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളിലും എത്തി.

കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥയിലായതോടെയാണ് എട്ട് മാസം മാത്രം ശേഷിക്കുന്ന പ്രസിഡന്റ് പദവിയിലേക്ക് പഞ്ചായത്ത് കമ്മിറ്റി നൽകിയ പേര് വെട്ടുകയും ജില്ലകമ്മറ്റി ലക്ഷ്മിയെ നിർദേശിച്ചത്. അതേസമയം, നിലവിലെ ലീഗ് അംഗമായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ തൽസ്ഥാനത്തു നിന്ന് പുറത്താക്കുന്നതിനു വേണ്ടി ചില പ്രാദേശിക നേതാക്കൾ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നോമിനിയെ തള്ളി മറ്റൊരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജില്ല കമ്മിറ്റി നിർദേശിച്ചതെന്നും ആരോപണമുണ്ട്.

ഇതേച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് യു.ഡി.എഫ് ബഹിഷ്‍കരിച്ചിരുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പഞ്ചായത്ത് മുസ് ലിം ലീഗിനെ പിന്തുണച്ചതോടെയാണ് യു.ഡി.എഫിലെ 11 അംഗങ്ങളും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ബെന്നി ചെറിയാനും എത്തിയിരുന്നില്ല. അതേസമയം, എൽ.ഡി.എഫിൽ നിന്ന് 10 അംഗങ്ങളും യോഗത്തിന് എത്തിയിരുന്നു. ക്വാറം തികയാത്തതിന്റെ പേരിൽ മാറ്റിവച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. 

Tags:    
News Summary - UDF gains power in Panamaram grama panchayat with Trinamool support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.