കൽപറ്റ: ഇടതുതരംഗത്തിനൊപ്പം നിൽക്കാതെ, സുൽത്താൻ ബത്തേരി നിലനിർത്തിയും കൽപറ്റ തിരിച്ചുപിടിച്ചും ചുരത്തിന് മുകളിൽ യു.ഡി.എഫ് മുന്നേറ്റം. എൽ.ഡി.എഫിന് ആശ്വാസം സമ്മാനിച്ച് മാനന്തവാടി ഒ.ആർ. കേളുവിലൂടെ സി.പി.എം നിലനിർത്തി. അമിത് ഷായുടെ പ്രചാരണത്തിനും പ്രതിഫലനമുണ്ടാക്കാനായില്ലെന്ന് വ്യക്തമാക്കിയും വോട്ടുകച്ചവട വിവാദത്തിന് തിരികൊളുത്തിയും മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും എൻ.ഡി.എയുടെ വോട്ടിൽ ചോർച്ചയുണ്ടായി.
രണ്ട് പട്ടികവർഗ സംവരണ മണ്ഡലങ്ങളുള്ള വയനാട് ജില്ലയിലെ ജനറൽ സീറ്റായ കൽപറ്റയിൽ സംസ്ഥാനത്ത് ശ്രദ്ധേയമായ അട്ടിമറി നടത്തിയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫിലേക്ക് ചേക്കേറിയ എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാറിനെ അട്ടിമറിച്ച് കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു.
പ്രമുഖ നേതാക്കൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എതിർപാളയത്തിൽ ചേക്കേറിയിട്ടും കോട്ടംതട്ടിയില്ലെന്ന് തെളിയിക്കുന്നതായി യു.ഡി.എഫിെൻറ കൽപറ്റയിലെയും സുൽത്താൻ ബത്തേരിയിലെയും വിജയം. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥൻ രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന് ബത്തേരിയിൽ സ്ഥാനാർഥിയായതും നേതാക്കളായ കെ.സി. റോസക്കുട്ടി ടീച്ചർ, പി.കെ. അനിൽകുമാർ എന്നിവർ പാർട്ടി വിട്ടതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചില്ലെന്നാണ് വ്യക്തമാവുന്നു.
സുൽത്താൻ ബത്തേരിയിൽ ഹാട്രിക് നേടിയ ഐ.സി. ബാലകൃഷ്ണൻ തെൻറ ഭൂരിപക്ഷം ഇത്തവണയും വർധിപ്പിച്ചാണ് സഭയിലേക്ക് ചുരമിറങ്ങുന്നത്. 2011ൽ 7583ഉം 2016ൽ 11,198 ഉം ആയിരുന്ന ഭൂരിപക്ഷം ഇത്തവണ 11,822ലേക്ക് ഉയർത്താൻ യു.ഡി.എഫിനായി. കെ.പി.സി.സി സെക്രട്ടറിയായിരുന്ന എം.എസ്. വിശ്വനാഥൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന് സ്ഥാനാർഥിയായത് വോട്ടർമാർ അംഗീകരിച്ചില്ല.
അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും എം.എൽ.എയുടെ മികച്ച പ്രതിച്ഛായയും ജില്ലയുടെ ഏറക്കാലത്തെ ആവശ്യമായ ഗവ. മെഡിക്കൽ കോളജ് മാനന്തവാടിയിൽ ആരംഭിക്കാനായതും രണ്ടാമൂഴത്തിലേക്ക് ഒ.ആർ. കേളുവിന് ചവിട്ടുപടിയായി. 2016ൽ പി.കെ. ജയലക്ഷ്മിക്കെതിരെ 1307 എന്ന ഭൂരിപക്ഷം ഇത്തവണ അതേ എതിരാളിക്കെതിരെ 9282 ആയി വർധിച്ചതും എൽ.ഡി.എഫിന് നേട്ടമായി. എം.എൽ.എക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ആർ.എസ്.എസ് ബന്ധ ആരോപണവും വോട്ടർമാരെ സ്വാധീനിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.