പണമില്ല; ടെന്‍ഡര്‍ നല്‍കാന്‍ കഴിയാതെ നട്ടംതിരിഞ്ഞ് സപ്ലൈകോ, വെളിച്ചെണ്ണക്ക് നല്‍കിയ പര്‍ച്ചേസ് ഓര്‍ഡര്‍ റദ്ദാക്കി

പാലക്കാട്: സാമ്പത്തിക ഞെരുക്കത്തിൽ ക്രിസ്മസ് കാലത്തേക്ക് സബ്സിഡി സാധനങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ നടപടിപോലും പൂര്‍ത്തിയാക്കാനാകാതെ വലയുകയാണ് സപ്ലൈകോ. ടെന്‍ഡറിനു ശേഷം വെളിച്ചെണ്ണക്ക് നല്‍കിയ പര്‍ച്ചേസ് ഓര്‍ഡര്‍ പണമില്ലാത്തതിനാല്‍ റദ്ദാക്കേണ്ടിവന്നു. ഒരാഴ്ചക്കകം സര്‍ക്കാര്‍ പണം അനുവദിച്ചില്ലെങ്കില്‍ ക്രിസ്മസ് ചന്തകള്‍ പോലും തുടങ്ങാനാകില്ല. ക്രിസ്മസിന് ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്.

സാധാരണ ഡിസംബര്‍ 15ഓടെ ക്രിസ്മസ് ചന്തകള്‍ തുടങ്ങുന്നതാണ്. ടെന്‍ഡര്‍ വിളിച്ച് 10 ദിവസത്തിനകം പര്‍ച്ചേസ് ഓഡര്‍. അതുകഴിഞ്ഞ് രണ്ടാഴ്ചക്കകം സപ്ലൈകോയുടെ ഗോഡൗണുകളില്‍ സാധനങ്ങളെത്തും. അവിടെനിന്ന് ഒരാഴ്ചക്കകം ഔട്ട്​ലെറ്റുകളിലേക്കും ചന്തകളിലേക്കും. എല്ലാം കൂടെ ഒരു മാസത്തെ സമയം വേണം. പക്ഷേ, ഇതുവരെ ടെന്‍ഡര്‍ നടപടികള്‍പോലും പൂര്‍ത്തിയായിട്ടില്ല.

നവംബർ 14ന് വിളിച്ച ടെന്‍ഡറില്‍ ഒരു വിതരണക്കാരനും പങ്കെടുത്തില്ല. 740 കോടിയോളം രൂപ വിതരണക്കാര്‍ക്ക് സപ്ലൈകോ നല്‍കാനുണ്ടെന്നതാണ് കാരണം. ഇതില്‍ കുറച്ചെങ്കിലും നല്‍കാതെ സാധനങ്ങള്‍ നല്‍കാനാകില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. കുടിശ്ശികയുള്ള നൂറു കോടിയില്‍ കുറച്ചെങ്കിലും നല്‍കിയാലേ സാധനം നല്‍കാനാകൂ എന്ന് കരാറുകാര്‍ സപ്ലൈകോ ചെയര്‍മാനെ അറിയിച്ചു. തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ നവംബര്‍ മാസത്തെ പര്‍ച്ചേസ് ഓര്‍ഡര്‍ സപ്ലൈകോ റദ്ദാക്കിയത്.

സബ്സിഡി വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള 750 കോടിയില്‍ 500 കോടിയെങ്കിലും ഒരാഴ്ചക്കകം നല്‍കിയാല്‍ വിതരണക്കാരുടെ കുടിശ്ശിക കുറച്ചെങ്കിലും കൊടുത്ത് സാധനങ്ങള്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോയും ഭക്ഷ്യവകുപ്പും. ഇല്ലെങ്കില്‍ ക്രിസ്മസ് ചന്തകള്‍ ഇത്തവണ ഉണ്ടാകില്ല. ഔട്ട്​ലെറ്റുകളിലും സബ്സിഡി സാധനങ്ങള്‍ കാലിയായിരിക്കും. സംസ്ഥാന സർക്കാർ 1138 കോടിയും കേന്ദ്രസർക്കാർ 692 കോടിയും സപ്ലൈകോക്ക് നൽകാനുണ്ട്

Tags:    
News Summary - Unable to tender, Supply Co turned around

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.