ആലപ്പുഴ: സർവകലാശാലകളിൽ അധ്യാപക നിയമനത്തിന് അപ്രഖ്യാപിത നിരോധനം. കേരള സർവകലാശാലയിൽ 58 അധ്യാപകരുടെ നിയമനവും സർവകലാശാല നിയമനങ്ങൾക്കായി സംസ്ഥാന സർക്കാർ 2014ൽ പാസാക്കിയ നിയമവും ഹൈകോടതി റദ്ദാക്കിയതോടെയാണ് സർവകലാശാലകൾ നിയമനങ്ങൾ നിർത്തിെവച്ചത്. സംസ്ഥാന നിയമസഭ പാസാക്കിയ നിയമം ലോക്സഭ പാസാക്കി യു.ജി.സി ഉത്തരവാവുകയും ചെയ്തിരിക്കെ രാജ്യത്തെ സർവകലാശാലകളെ ബാധിക്കുന്ന ഒന്നായി സിംഗിൾ െബഞ്ച് വിധി മാറി.
ഇതേനിയമപ്രകാരമാണ്, മലയാള സർവകലാശാലയിൽ പ്രഫസർ, അസോ. പ്രഫസർ, അസി. പ്രഫസർ തസ്തികകളിൽ വിജ്ഞാപനം ക്ഷണിച്ചത്. അഭിമുഖ പരീക്ഷ കഴിഞ്ഞെങ്കിലും വിധി കാരണം യോഗ്യരായവരുടെ പട്ടിക പുറത്തുവിട്ടിട്ടില്ല. കാലിക്കറ്റ് സർവകലാശാലയുടെ അഭിമുഖ പരീക്ഷയും നിയമനങ്ങളും പാതിവഴിയിലാണ്. വിഷയവിദഗ്ധരുടെ വിയോജനത്തോടെ വിവാദത്തിലായ സംസ്കൃത സർവകലാശാല നിയമനങ്ങളും നിർത്തിവെക്കാൻ വിധി കാരണമായി.
സിംഗിൾ െബഞ്ച് വിധിയോടെ സർവകലാശാല അധ്യാപക നിയമന നിയമം നിലവിലില്ല എന്ന അവസ്ഥയാണ്. ഈ സ്ഥിതി മറികടക്കാൻ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകിയേക്കും. സർവകലാശാലകളിൽ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 2014ൽ പുതിയ നിയമം പാസാക്കിയത്.
കേരള സർവകലാശാലയിലെ മലയാള വിഭാഗത്തിൽ എസ്.സി വിഭാഗത്തിൽപെട്ട ഒരാൾ ആദ്യമായി പ്രഫസറാകുന്നതും കാലിക്കറ്റിൽ എസ്.ടി വിഭാഗത്തിൽപെട്ടയൊരാൾ ആദ്യമായി അസി. പ്രഫസറാകുന്നതും ഇതേ നിയമം മൂലമുള്ള നിയമനത്തിലൂടെയാണ്.
കോടതിവിധിയാൽ അത് ഇല്ലാതാകുന്നതോടെ സർവകലാശാലകളിൽ സംവരണനഷ്ടം വർധിക്കുമെന്നും അത് ഭരണഘടന വിരുദ്ധമായിത്തീരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാൽ നിയമം സംരക്ഷിക്കപ്പെടേണ്ടത് സർക്കാറിെൻറ ഉത്തരവാദിത്തമാണെന്ന നിയമോപദേശം ലഭിച്ചതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.