കൊച്ചി: നിരത്തിലും പാതയോരങ്ങളിലും വെക്കുന്ന അനധികൃത ബോർഡുകൾക്ക് പിഴ ചുമത്താത്തപക്ഷം തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽനിന്ന് തുക ഈടാക്കണമെന്ന് ഹൈകോടതി. അനധികൃത ബോർഡുകളും കൊടികളും വെക്കുന്നവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ചവരുത്തിയാൽ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഉത്തരവാദിയായിരിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ഏഴുദിവസത്തിനകം സർക്കുലർ പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. അനധികൃത ബോർഡുകൾ എടുത്തുമാറ്റണമെന്നാവശ്യപ്പെടുന്ന ഹരജികളാണ് കോടതി പരിഗണിച്ചത്.
കോടതി ഉത്തരവിനെത്തുടർന്ന് ഒരുലക്ഷത്തോളം ബോർഡുകളും കൊടികളും നീക്കംചെയ്തതായി ഓൺലൈനിൽ ഹാജരായ തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് അറിയിച്ചു. അനധികൃത ബോർഡുകൾ നീക്കാൻ ഡിസംബർ 10നും 12നും സർക്കുലറും 13ന് വകുപ്പുതല നിർദേശവും പുറപ്പെടുവിച്ചതായും അറിയിച്ചു. കർശന നടപടി സ്വീകരിച്ച സർക്കാറിനെ അഭിനന്ദിച്ച കോടതി, നീക്കിയവ വീണ്ടും വരാതിരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഓർമിപ്പിച്ചു.
ഇങ്ങനെ ഉത്തരവിട്ടതിന്റെ പേരിൽ ജഡ്ജിമാരെ ചില പാർട്ടിക്കാരും മറ്റും അപഹസിക്കുന്നത് പരാമർശിച്ച്, കോടതിയെ ആക്രമിച്ചാൽ കർശനമായി നേരിടുമെന്ന് സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.