തിരുവനന്തപുരം: മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്ന രണ്ടുവയസുകാരിയെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മാവൻ ഹരികുമാർ കുഞ്ഞിനെ കിണറ്റിൽ എറിയുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നൽകിയിരിക്കുകയാണ്. മാനസിക പ്രശ്നങ്ങളുള്ളയാളാണ് ഹരികുമാർ എന്ന് പറയുന്നു. പൊലീസ് ചോദ്യം ചെയ്യുന്നവേളയിൽ തുടക്കത്തിൽ ഹരികുമാർ സഹകരിച്ചിരുന്നില്ല.
വേണമെങ്കിൽ നിങ്ങൾ കണ്ടെത്തിക്കോളുവെന്നാണ് ഹരികുമാർ പൊലീസിനോട് പറഞ്ഞത്. ഒടുവിൽ, ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാൽ, ഈ കുറ്റസമ്മതമൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. എന്തിനാണീ ക്രൂരതചെയ്തതെന്ന് ബോധ്യപ്പെടേണ്ടത് അനിവാര്യമാണെന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരം ബാലരാമപുരത്താണ് നാടിനെ നടുക്കിയ സംഭവം. ഇന്ന് രാവിലെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടയിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കോട്ടുകാൽ സ്വദേശികളായ ശ്രീതു, ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടുവയസുകാരിയാണ് കൊല്ലപ്പെട്ടത്.
കുട്ടിയെ കാണാതായത് ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് പറയുന്നു. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തുടക്കത്തിൽ തന്നെ നാട്ടുകാർ പറഞ്ഞു. കിണറിന് കൈവരിയുണ്ട്. വീടിനുപുറത്ത് ഇറങ്ങാത്ത കുട്ടിയാണെന്ന് മാതാവ് പറയുന്നു. ഇതിനിടെ, മാതാവിന്റെ സഹോദരനൊപ്പമാണ് കുഞ്ഞ് കിടന്നതെന്നും പറയപ്പെടുന്നു.
ഇതിനിടെ, ഈ വീട്ടിൽ തീപിടുത്തമുണ്ടായതായി പറയുന്നു. പുലർച്ചെ 5.30 ഓടെ കുഞ്ഞ് കരയുന്നത് കേട്ടുവെന്ന് മാതാവ് പറയുന്നു. മൃതദേഹം കണ്ടെത്തിയ വേളയിൽ തന്നെ കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.