കൊച്ചി: ഒറ്റമുറി വീട്ടിൽ ആറുവയസ്സുകാരിയെയും കൊണ്ട് കഴിയുന്ന നിർധന കുടുംബത്തെ കുടിയിറക്കാൻ നീക്കം. പെരുമ്പടപ്പ് കോവളം തോട് പുറമ്പോക്കിൽ 15 വർഷമായി താമസിക്കുന്ന, പുളിക്കൽ എം.എ. മാത്യു റോഡിൽ റോസി ആൻറണിക്കാണ് കുടിയൊഴിയാൻ ആവശ്യപ്പെട്ട് കോർപറേഷൻ നോട്ടീസ് നൽകിയത്. ഈമാസം 17ന് വീട് പൊളിക്കുമെന്ന് സ്ഥലം കൈയേറാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
സ്ഥലത്തിന് പട്ടയം ലഭിക്കാൻ പലതവണ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്ന് 2019 മേയിൽ ഹൈകോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് മൂന്നുമാസത്തിനുള്ളിൽ തീർപ്പാക്കാൻ കലക്ടർക്ക് കോടതി നിർദേശം നൽകി. തുടർന്നും ഫലമില്ലാതെ വന്നപ്പോൾ കോടതിയലക്ഷ്യ ഹരജി നൽകിയിട്ടുണ്ട്. സമീപത്തെ വർക്ഷോപ്പിന് എതിരെ പ്രദേശവാസികൾ നൽകിയ കൂട്ടപരാതിയിൽ ഒപ്പിട്ടതാണ് സാമൂഹികവിരുദ്ധരുടെ നീക്കം തങ്ങൾക്ക് എതിരെ ഉണ്ടായതിന് പിന്നിലെന്ന് റോസിയുടെ മകൾ ടെൻസി പറഞ്ഞു.
ടെൻസിയും ഭർത്താവ് ബിജുവും ആറുവയസ്സുകാരി മകളുമാണ് ഇവിടെ മാതാവിനൊപ്പം താമസിക്കുന്നത്. സാമൂഹികവിരുദ്ധ ശല്യം ഏറിയപ്പോൾ ആവശ്യപ്പെട്ടതനുസരിച്ച് പൊലീസ് സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.കുടിയിറക്കുന്നതിനെ തടഞ്ഞു മുൻസിഫ് കോടതിയിൽനിന്നുള്ള ഉത്തരവ് നിലനിൽക്കെയാണ് രണ്ടാമതും ഒഴിപ്പിക്കൽ നോട്ടീസ് കോർപറേഷൻ ജീവനക്കാർ പതിച്ചത്. വേലിയേറ്റ സമയത്ത് വെള്ളം കയറുന്ന ഇവിടെ വീടിന് അറ്റകുറ്റപ്പണി നടത്തേണ്ട സമയം കഴിഞ്ഞു.
അറ്റകുറ്റപ്പണി നടത്തുന്നതിനും തടസ്സം നിൽക്കുകയാണ് സാമൂഹികവിരുദ്ധർ. മേയർ എം. അനിൽകുമാറിന് നൽകിയ പരാതിയെ തുടർന്ന് അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം ഡിവിഷൻ കൗൺസിലർക്ക് രേഖകളെല്ലാം കൈമാറി കാത്തിരിക്കുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.