ആലുവ: കുറഞ്ഞ കാലത്തെ പൊതുപ്രവർത്തനത്തിനിടയിൽ ആലുവയുടെ രാഷ്ട്രീയ - സാമൂഹിക രംഗങ്ങളിൽ സ്ഥാനം നേടിയ പൊതുപ്രവർത്തകയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതയായ ഷെൽന നിഷാദ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ അപ്രതീക്ഷിത സ്ഥാനാർഥിയായാണ് ഷെൽന രംഗത്തുവന്നത്. എന്നാൽ, ദിവസങ്ങൾക്കകം ജനഹൃദയങ്ങൾ കീഴടക്കാൻ അവർക്കായി.
സ്ഥാനാർഥിത്വവുമായി പാർട്ടിക്കകത്ത് രൂപപ്പെട്ട വിവാദങ്ങളെയടക്കം എളുപ്പത്തിൽ മറികടന്നായിരുന്നു അവരുടെ മുന്നേറ്റം. അതിനാൽ തന്നെ, കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നിട്ടും സിറ്റിങ് എം.എൽ.എ കൂടിയായിരുന്ന അൻവർ സാദത്തിന് പര്യടനത്തിൽ ഏറെ വിയർക്കേണ്ടി വന്നു. രാഷ്ട്രീയ രംഗത്ത് അപരിചിത സ്ഥാനാർഥിയായതിനാൽ തങ്ങൾക്ക് എളുപ്പം ജയിച്ച് കയറാമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഷെൽന ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ മത്സരം കനത്തതായി മാറി.നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഇടതുപക്ഷത്തെ പലർക്കും അതൃപ്തിയുണ്ടായിരുന്നു.
കോൺഗ്രസ് നേതാവിന്റെ മകന്റെ ഭാര്യക്ക് സി.പി.എം ആലുവ സീറ്റ് നൽകിയതോടെ ഇടത് സ്ഥാനാർഥി മോഹികളും പാർട്ടി നേതാക്കളും നിരാശയിലായി. പാർട്ടിക്ക് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുത്ത നേതാക്കളെ പോലും അവഗണിച്ച്, പാർട്ടിയുമായോ പൊതുപ്രവർത്തനവുമായോ യാതൊരു ബന്ധവുമില്ലാത്തയാളെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ, പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഷെൽന നിഷാദിന് പ്രചാരണം ആരംഭിക്കാൻ കഴിഞ്ഞിരുന്നു.
സൗമ്യമായ സമീപനങ്ങളാൽ ഇടത് നേതാക്കളെ ഉടൻ കയ്യിലെടുക്കാനും പ്രചാരണം ശക്തമാക്കാനും അവർക്കായി. മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മുഹമ്മദാലിയുടെ മകന്റെ ഭാര്യയെന്ന നിലയിലാണ് ഷെൽന നിഷാദിനെ സി.പി.എം രംഗത്തിറക്കിയത്. കോൺഗ്രസിൽ വിള്ളലുണ്ടാക്കി ആലുവ നിയമസഭ മണ്ഡലം തിരികെ പിടിക്കലായിരുന്നു സി.പി.എം ലക്ഷ്യമിട്ടത്. എന്നാൽ, തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും മണ്ഡലമാകെ നിറഞ്ഞുനിൽക്കാൻ ഷെൽനക്കായിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തോടെ ഷെൽന തന്റെ തൊഴിലിലേക്ക് ഒതുങ്ങി മാറുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷവും രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിൽ അവർ നിറഞ്ഞ് നിന്നു. കൊച്ചി മെട്രോ സ്റ്റേഷനുകളുടെ രൂപകൽപ്പനയിൽ ആർക്കിടെക്ടായ ഷെൽന പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ മികച്ച വിദ്യാർഥിനിയായിരുന്ന ഷെൽന, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ടിന്റെ നിരവധി പരിപാടികളുടെ സംഘാടകരിൽ ഒരാളായിരുന്നു. പൊതുമേഖലയിലും തൊഴിൽ മേഖലയിലും നിറഞ്ഞു നിൽക്കുന്നതിനിടെയാണ് ഗുരുതര രോഗം ഷെൽനയെ പിടികൂടുന്നത്. ഇതോടെ ചികിത്സയുമായി ഒതുങ്ങി കൂടേണ്ടി വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.