കോട്ടയം: പുരുഷശരീരം വെട്ടിനുറുക്കി രണ്ടു ചാക്കിലാക്കി പാടത്തിനരികിലെ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ കണ്ടെത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് 40 വയസ്സ് തോന്നിക്കുന്നയാളുടെ കഴുത്തിനു താഴെയും അരയുടെ ഭാഗവും മുറിച്ചുമാറ്റിയാണ് രണ്ടു ചാക്കിലാക്കിയത്. തല കണ്ടെത്താനായിട്ടില്ല. കോട്ടയം-പുതുപ്പള്ളി റോഡിൽ മന്ദിരം കലുങ്ക് ജങ്ഷനു സമീപത്തെ കുറ്റിക്കാട്ടിലാണ് നാലുദിവസം പഴക്കമുള്ള ശരീരഭാഗങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നുദിവസമായി പ്രദേശത്ത് കനത്ത ദുർഗന്ധമായിരുന്നു. തുടർന്ന് കുറ്റിക്കാട്ടിൽ കണ്ടെത്തിയ ചാക്കിൽ കോഴിമാലിന്യമാണെന്ന് കരുതി പ്രദേശവാസി ബിജു കുഴിച്ചിടാൻ തൂമ്പ ഉപയോഗിച്ചു നീക്കിയപ്പോഴാണ് ഒരുകാൽ കണ്ടത്. തുടർന്ന് ഇൗസ്റ്റ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി അടുത്തടുത്തായി കിടന്ന രണ്ടു ചാക്കും പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. മെഷീൻ വാൾപോലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിനു താഴെയുള്ള ഭാഗം ഒരുചാക്കിലും അരക്ക് താഴെയുള്ള ഭാഗം മറ്റൊരു ചാക്കിലുമാണ് കണ്ടെത്തിയത്. കാൽഭാഗം കണ്ടെത്തിയ ചാക്കിൽ കാവിമുണ്ടും വള്ളിച്ചെരിപ്പും ലഭിച്ചു. നീലവരയൻ ഷർട്ടിെൻറ കൈകൾ മുട്ടിനു മുകളിൽ മടക്കിവെച്ച നിലയിലാണ്. വലത് കാലിെൻറ കണ്ണയോട് ചേർന്ന് മുറിഞ്ഞതുപോലെ കാണാം. മൃതദേഹം പൂർണമായും അഴുകിയതിനാൽ മറ്റ് അടയാളങ്ങൾ കെണ്ടത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
കോട്ടയം ജില്ല പൊലീസ് മേധാവി കറുപ്പ് സ്വാമിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വ്യക്തി വൈരാഗ്യത്തെ തുടർന്നുള്ള ക്രൂരകൊലപാതകമാണിതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ഇതിെൻറ ഭാഗമായി സംസ്ഥാനത്ത് അടുത്തിടെ കാണാതായ ഗുണ്ട-ക്വട്ടേഷൻ ബന്ധമുള്ളവരുടെ വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയം ഇൗസ്റ്റ് സി.െഎ സാജു വർഗീസിനാണ് അന്വേഷണച്ചുമതല. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും തുമ്പ് ലഭിച്ചില്ല. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. പാടത്തിെൻറ വിവിധയിടങ്ങളിലും സമീപങ്ങളിലും പരിശോധന നടത്തിയെങ്കിലും മുറിച്ചുമാറ്റിയ തല കണ്ടെത്താനായില്ല. ഇൻക്വസ്റ്റിനുശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് പ്രദേശത്തേക്ക് വൻജനാവലി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.