ഏകീകൃത തദ്ദേശവകുപ്പ്:പുനഃക്രമീകരിച്ച ഉയർന്ന തസ്തികകളിൽ വൻ ശമ്പളം, അടിസ്ഥാന ശമ്പളത്തിൽ 1200 മുതൽ 32,000 രൂപ വരെ വർധന

തൃശൂർ: ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാർഥ്യമാക്കുന്നതിന്‍റെ ഭാഗമായി സൃഷ്ടിച്ച പുതിയ തസ്തികകളിൽ വൻ ശമ്പളം. വിവിധ തസ്തികകളുടെ അടിസ്ഥാന ശമ്പളത്തിൽ 1200 മുതൽ 32,000 വരെ രൂപ വർധിപ്പിച്ചാണ് ഉത്തരവിറങ്ങിയത്. സ്ഥാനക്കയറ്റത്തിന് കുറെ തസ്തിക ഉണ്ടാക്കിയതും വൻ ശമ്പള വർധനയും ഉന്നത ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്താനാണെന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നു.ഉയർത്തിയ (അപ്ഗ്രേഡ് ചെയ്ത) തസ്തികകളിലാണ് വൻ ശമ്പള വർധന. കോർപറേഷൻ സെക്രട്ടറിയുടെ ആറ് തസ്തികകളാണ് 95,600 -1,53,200 ശമ്പള സ്കെയിലിൽനിന്ന് ജോയന്‍റ് ഡയറക്ടറുടെ 1,07,800-1,60,000 ശമ്പള സ്കെയിലിലേക്ക് മാറിയത്. കോർപറേഷൻ അഡീഷനൽ സെക്രട്ടറിയുടെ ആറ് തസ്തികകളും ഇതേ ശമ്പള സ്കെയിലിലേക്ക് മാറി. 63,700 രൂപ ആയിരുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അടിസ്ഥാന ശമ്പളം 95,600 ആയി മാറി. 17 തസ്തികകളാണ് ഇത്തരത്തിൽ ഉയർത്തപ്പെട്ടത്. 31,900 രൂപയുടെ വർധനയാണ് ഈ തസ്തികകളിലെ അടിസ്ഥാന ശമ്പളത്തിൽ ഉണ്ടായത്.

മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് -ഒന്നിൽ 77,200 രൂപ അടിസ്ഥാന ശമ്പളമുണ്ടായിരുന്നത് 95,600ലേക്ക് കയറി. 12 തസ്തികകളാണ് ഈ വിഭാഗത്തിൽ സൃഷ്ടിക്കപ്പെട്ടത്. ഇന്‍റേണൽ വിജിലൻസ് ഓഫിസറുടെ 66 തസ്തികകൾ അസിസ്റ്റന്‍റ് ഡയറക്ടറായി മാറി. അടിസ്ഥാന ശമ്പളം 7200 രൂപ കൂടി. മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് 3 സീനിയർ സെക്രട്ടറിയായപ്പോൾ 49 തസ്തികകളാണ് ഉയർത്തപ്പെട്ടത്. ഹെൽത്ത് സൂപ്പർവൈസറുടെ 44 തസ്തികകൾ ക്ലീൻ സിറ്റി മാനേജറായി മാറി. ഏകീകൃത തദ്ദേശവകുപ്പിന്‍റെ ജില്ലതല മേധാവി ജോയന്‍റ് ഡയറക്ടറാകും. ഏഴ് തസ്തികകളാണ് ഇതിൽ അധികമായി സൃഷ്ടിച്ചത്. അഡീഷനൽ ഡയറക്ടർ (ശമ്പള സ്കെയിൽ 1,12,800 -1,63,400), ജോയന്‍റ് ഡയറക്ടർ (1,07,800 -1,60,000) എന്നീ തസ്തികകൾ മാത്രമാണ് പുതുതായി സൃഷ്ടിച്ചത്.

നിലവിലെ വകുപ്പുകളിലെ ശമ്പള സ്കെയിൽ തൊട്ടു മുകളിലെ ഉയർന്ന ശമ്പള സ്കെയിലിലേക്ക് അപ്ഗ്രേഡ് ചെയ്ത് ഏകീകരിച്ചാണ് നിശ്ചയിച്ചതെന്ന് ശമ്പള നിർണയ മാനദണ്ഡം സംബന്ധിച്ച് വകുപ്പ് വ്യക്തമാക്കുന്നുണ്ട്.ജീവനക്കാരുടെ സ്ഥാനക്കയറ്റവും നിയമനവും സംബന്ധിച്ച സ്പെഷൽ റൂൾസ് വൈകാതെ പുറത്തിറങ്ങും. ആ പ്രത്യേക ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ ഉത്തരവിന് പ്രാബല്യം ഉണ്ടാകുകയുള്ളൂവെന്ന് ശനിയാഴ്ച ഇറങ്ങിയ സർക്കുലറിലുണ്ട്.

ശനിയാഴ്ച ഇറങ്ങിയ പുനഃക്രമീകരണ ഉത്തരവ് ഉയർന്ന തസ്തികയിലുള്ളവർക്ക് ആഹ്ലാദം പകരുന്നുണ്ടെങ്കിലും താഴേത്തട്ടിലെ ജീവനക്കാർക്ക് നിരാശയാണ് സമ്മാനിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ തസ്തികകളിൽ നിസ്സാര ശമ്പള വർധന മാത്രമാണ് ലഭിച്ചതെന്നാണ് പരാതി.

Tags:    
News Summary - Unified Local Government: Reorganized High posts in Big salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.