തൃശൂർ: സർവകലാശാല വൈസ് ചാൻസലറാകാൻ പ്രഫസറായി 10 വർഷം പരിചയമുള്ള അക്കാദമിക് വിദഗ്ധരെ മാത്രം പരിഗണിച്ചിരുന്ന നിബന്ധന മാറ്റി യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി). പുറത്തിറക്കിയ പുതിയ കരട് ഭേദഗതി പ്രകാരം പ്രഫസറായി 10 വർഷം സേവനപരിചയമുള്ള അക്കാദമിക് വിദഗ്ധനു പുറമെ ഗവേഷണസ്ഥാപനങ്ങളിലോ അക്കാദമിക് ഭരണസ്ഥാപനങ്ങളിലോ സീനിയർ തലത്തിലുള്ളവരെയും വി.സി നിയമനത്തിന് പരിഗണിക്കാം. പൊതുഭരണത്തിൽ സീനിയർ തലത്തിലുള്ളവരെയും പരിഗണിക്കാമെന്ന് വ്യവസ്ഥയുള്ളതിനാൽ ഐ.എ.എസുകാർക്കും പൊതുമേഖല സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും തലപ്പത്തുള്ളവരെയും പരിഗണിക്കാം. ഇവരൊക്കെ ‘പണ്ഡിതരാ’ണെന്ന് സെലക്ഷൻ കമ്മിറ്റിക്ക് ബോധ്യപ്പെട്ടാൽ മതി.
വി.സിയായി പരിഗണിക്കപ്പെടുന്നയാൾ പ്രഗല്ഭനായ അക്കാദമീഷ്യനും 10 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രഫസറുമാകണമെന്നാണ് നിലവിലെ വ്യവസ്ഥ. കാര്യപ്രാപ്തി, സ്വഭാവദൃഢത, ധാർമികത, സ്ഥാപനപരമായ പ്രതിബദ്ധത എന്നിവയിൽ ഉയർന്ന നിലവാരമുള്ളവരെയാണ് നിയമിക്കേണ്ടതെന്നും നിയമം വ്യവസ്ഥചെയ്യുന്നു. എന്നാൽ, സ്വഭാവദൃഢത, ധാർമികത തുടങ്ങിയ വാക്കുകൾ കരട് ഭേദഗതിയിൽ മാറ്റി. കുറ്റകരമായ പശ്ചാത്തലമുള്ളവർക്കും ഇനി വി.സിയാകാൻ തടസ്സമില്ല. ഭരണശേഷിക്കും നേതൃപാടവത്തിനും പുറമെ ഭരണഘടനാ മൂല്യങ്ങളോടും സമൂഹത്തോടും പ്രതിബദ്ധതയും ടീംവർക്കിനോട് താൽപര്യവുമുള്ളവരാകണം വി.സി എന്നാണ് പുതിയ നിബന്ധന.
നിയമിക്കപ്പെടുന്ന വ്യക്തിക്ക് 70 വയസ്സ് അല്ലെങ്കിൽ അഞ്ചു വർഷം പൂർത്തിയാക്കുന്നതുവരെ വി.സിയായി തുടരാം. രണ്ടാമതൊരു ടേം നിയമനത്തിനും അർഹതയുണ്ടാകും. കേന്ദ്ര, സംസ്ഥാന നിയമങ്ങൾക്കു കീഴിൽ സ്ഥാപിതമായ എല്ലാ സർവകലാശാലകളും യു.ജി.സി ചട്ടം പാലിക്കണം. യു.ജി.സി ചട്ടം മറികടന്ന് നടത്തുന്ന വി.സി നിയമനം നിയമവിരുദ്ധമായി കണക്കാക്കുമെന്നും പുതിയ നിയമം പാലിച്ചില്ലെങ്കിൽ സർവകലാശാല കോഴ്സുകളുടെ അംഗീകാരം നഷ്ടപ്പെടുമെന്നും കരട് ഭേദഗതിയിൽ പറയുന്നു. സർവകലാശാലകളുടെ തലപ്പത്ത് ആർ.എസ്.എസ് അനുഭാവികളെ പ്രതിഷ്ഠിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് കരട് നിയമത്തിലെ മാറ്റമെന്നാണ് ആക്ഷേപം.
കേരളത്തിൽ ഇപ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥൻ വി.സി ചുമതലയിലുള്ളത് കേരള കാർഷിക സർവകലാശാലയിൽ മാത്രമാണ്. കാർഷികോൽപാദന കമീഷണറായ ബി. അശോകിന് വൈസ് ചാൻസലറുടെ ചുമതല നൽകിയത് കൃഷിമന്ത്രിയുടെ താൽപര്യപ്രകാരം മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. സ്ഥാനമൊഴിഞ്ഞ ഗവർണറുമായി അടുപ്പം പുലർത്തിയ ആളാണ് കാർഷിക സർവകലാശാല ആക്ടിങ് വി.സിയെന്ന ആരോപണമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.