ഐ.എൻ.ടി.യു.സിയുടെ പേരിലും കോൺഗ്രസിൽ അസ്വസ്ഥത

തിരുവനന്തപുരം: ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ പ്രതികരണത്തിനെതിരെ ഒരു വിഭാഗം ഐ.എൻ.ടി.യു.സി പ്രവർത്തകർ ചങ്ങനാശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന കോൺഗ്രസിലെ അസ്വസ്ഥത വർധിപ്പിച്ചു. ഐ.എൻ.ടി.യു.സിയിൽ പ്രവർത്തിക്കുന്നത് കോൺഗ്രസ് അനുഭാവികളാണെങ്കിലും തൊഴിലാളി യൂനിയനായതിനാൽ സ്വതന്ത്ര സംഘടനയാണെന്ന പ്രതിപക്ഷനേതാവിന്‍റെ സ്വാഭാവിക പ്രതികരത്തിനെതിരെ പ്രവർത്തകരെ തെരുവിലിറക്കിയതിനു പിന്നിൽ ചിലരുടെ ആസൂത്രിത നീക്കമുണ്ടെന്ന് സതീശൻ അനുകൂലികൾ വിലയിരുത്തുന്നു.

രമേശ് ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ ചങ്ങനാശ്ശേരി സന്ദർശനവുമായി ചേർത്തുവെച്ചാണ് ഈ വിലയിരുത്തൽ. അതേസമയം, ഒരു സംഘം പ്രവർത്തകർ പ്രതിപക്ഷ നേതാവിനെതിരെ പരസ്യമായി തെരുവിലിറങ്ങിയത് കൈവിട്ടകളിയാകുമെന്ന് കണ്ടതോടെ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പ്രകടനത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

ചങ്ങനാശ്ശേരിയിലെ പ്രതിഷേധ പ്രകടനം മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. എന്നാൽ, ഇതു പ്രകടനത്തിന് നേതൃത്വം നൽകിയവർ തള്ളുന്നു. കോൺഗ്രസുകാർ മാത്രം അംഗങ്ങളായ ഐ.എൻ.ടി.യു.സിയെ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞപ്പോൾ ആത്മാഭിമാനത്തിന് മുറിവേറ്റ പ്രവർത്തകരുടെ സ്വാഭാവിക പ്രതികരണമാണെന്നാണ് അവരുടെ നിലപാട്. ഈവാദം അംഗീകരിക്കാൻ സതീശനെ പിന്തുണക്കുന്നവർ തയാറല്ല. ഐ.എൻ.ടി.യു.സി കോട്ടയം ജില്ല പ്രസിഡന്റിന് കോൺഗ്രസ് നേതൃത്വത്തിലെ ചിലരുമായുള്ള അടുപ്പമാണ് അവരുടെ സംശയം വർധിപ്പിക്കുന്നത്.

അതേസമയം, ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന നിലപാടിൽ നേതൃത്വം ഉറച്ചുനിൽക്കുകയാണ്. കഴിഞ്ഞ യു.പി.എ സർക്കാറിനെതിരെ ഐ.എൻ.ടി.യു.സിക്ക് സമരം നടത്താനായത് ഈ സ്വതന്ത്ര നിലപാട് കാരണമാണ്. സംഘടനയുടെ പ്രവർത്തനത്തിൽ ഇടപെടാൻ മുമ്പ് ചില സന്ദർഭങ്ങളിൽ കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ ശ്രമങ്ങളെ ഐ.എൻ.ടി.യു.സി ചെറുത്തതും സംഘടനയുടെ സ്വതന്ത്രസ്വഭാവം ചൂണ്ടിക്കാട്ടിയായിരുന്നു. ഇത് അറിയാവുന്നവർതന്നെ പാർട്ടിയിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നെന്നാണ് ആക്ഷേപം.കുത്തിത്തിരിപ്പിനു പിന്നിൽ ആരാണെന്ന് മാധ്യമങ്ങൾക്ക് അറിയാമെന്ന് മാത്രം പ്രതികരിച്ച സതീശൻ, പരോക്ഷമായി വിരൽചൂണ്ടുന്നത് ചെന്നിത്തലക്ക് നേർക്കാണ്. 

വി.ഡി. സതീശ​നെതിരെ ചങ്ങനാശ്ശേരിയിൽ ഐ.എൻ.ടി.യു.സി പ്രകടനം

ച​ങ്ങ​നാ​ശ്ശേ​രി: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ ച​ങ്ങ​നാ​ശ്ശേ​രി​യി​ല്‍ കോ​ണ്‍ഗ്ര​സ്​ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ഐ.​എ​ന്‍.​ടി.​യു.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം. ഐ.​എ​ന്‍.​ടി.​യു.​സി കോ​ണ്‍ഗ്ര​സി​ന്റെ പോ​ഷ​ക സം​ഘ​ട​ന​യ​ല്ലെ​ന്നും പ്ര​വ​ര്‍ത്ത​ക​ര്‍ കോ​ണ്‍ഗ്ര​സ​ല്ലെ​ന്നു​മു​ള്ള സ​തീ​ശ​ന്റെ പ്ര​തി​ക​ര​ണ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ്​ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ച​ങ്ങ​നാ​ശ്ശേ​രി മാ​ര്‍ക്ക​റ്റി​ല്‍ വ​ട്ട​പ്പ​ള്ളി​യി​ല്‍നി​ന്ന്​ ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ ഐ.​എ​ന്‍.​ടി.​യു.​സി പ​താ​ക​യു​മേ​ന്തി പ​ങ്കെ​ടു​ത്തു. പ്ര​തി​പ​ക്ഷ നേ​താ​വ് തൊ​ഴി​ലാ​ളി​ക​ളോ​ട് മാ​പ്പ് പ​റ​യു​ക​യോ അ​ല്ലെ​ങ്കി​ൽ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം രാ​ജി​വെ​ച്ച് പു​റ​ത്തു​പോ​വു​ക​യോ വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. ഐ.​എ​ന്‍.​ടി.​യു.​സി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​വും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ പി.​പി. തോ​മ​സ്, ഐ.​എ​ന്‍.​ടി.​യു.​സി ച​ങ്ങ​നാ​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റും കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രി​ല്‍ ഒ​രാ​ളു​മാ​യ ജോ​മോ​ന്‍ കു​ള​ങ്ങ​ര, എ. ​നാ​സ​ര്‍, കെ.​വി. മാ​ര്‍ട്ടി​ന്‍, ഐ.​എ​ന്‍.​ടി.​യു.​സി പ്ര​വ​ര്‍ത്ത​ക​രാ​യ പി.​പി. ഷാ​ജി, ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

പോഷകസംഘടന തന്നെയെന്ന് മുല്ലപ്പള്ളി

കോ​ഴി​ക്കോ​ട്: ഐ.​എ​ൻ.​ടി.​യു.​സി കോ​ൺ​ഗ്ര​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന ത​ന്നെ​യെ​ന്ന് മു​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്താ​ണ് പ​റ​ഞ്ഞ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ഐ.​എ​ൻ.​ടി.​യു.​സി​യു​ടെ ചി​ല നി​ല​പാ​ടു​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ ഐ.​എ​ൻ.​ടി.​യു.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത് ശ​രി​യ​ല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Tags:    
News Summary - Unrest in Congress in the name of INTUC too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.