കോഴിക്കോട് : ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നത് സംസ്ഥാനത്തെ അശാസ്ത്രീയമായ ഭൂവിനിയോഗമെന്ന് പരിസ്ഥിതി രംഗത്തെ വിദഗ്ധർ. നമ്മുടെ നാട്ടിലെ മലകളുടെ ചരിവിനും മണ്ണിനും ഇണങ്ങുന്ന കൃഷിരീതികള്‍ സ്വീകരിക്കുന്നതിൽ സർക്കാർ ശ്രദ്ധിച്ചിട്ടില്ല. ഭൂപ്രകൃതിക്കനുസൃതമായ നിര്‍മാണങ്ങള്‍ നടത്തണമെന്ന പരിസ്ഥിതി പ്രവർത്തകരുടെ നിർദേശത്തിനും സർക്കാർ പുല്ലുവിലയാണ് നൽകിയത്.
സംസ്ഥാനത്തെ ഏത് മലമുകളിലും നഗരങ്ങൾ പടുത്തുയർത്തനാണ് ശ്രമിക്കുന്നത്. ടൂറിസം അടക്കമുള്ള പദ്ധതികളുടെ പേരിൽ വനമേഖല വ്യാപകമായി നശിപ്പിക്കുന്നതിൽ മുന്നിലായിരുന്നു. ചെങ്കുത്തായ മലകളിൽ പോലും ക്വാറികൾക്ക് അനുമതി നൽകി. ഇതെല്ലാം സ്വാഭാവികമായി മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായി.
മലമുകളിൽ ചെറിയ സമയത്തിനുള്ളില്‍ പെയ്യുന്ന അതിശക്തമായ മഴയെ താങ്ങിനിർത്താൻ കൊടുമുടികൾക്ക് കഴിയുന്നില്ല. മേഘസ്‌ഫോടനം പോലെ മഴമേഘങ്ങള്‍ ഒന്നായി പൊട്ടിയിറങ്ങിയാല്‍ ഭൂമിയുടെ ഉപരിതലത്തിലെ മണ്ണ് പൂർണമായും ഒലിച്ചുപോകുന്നു. അത് താഴ്ന്ന പ്രദേശങ്ങളിൽ പ്രളയം ഉണ്ടാക്കുന്നു. ഈ പ്രക്രിയ വലിയ തോതിലാണ് മഴക്കാലത്ത് നടക്കുന്നത്.
കൃഷി ചെയ്യുന്ന പാടങ്ങള്‍ കുറഞ്ഞതിനാൽ ജനവാസ മേഖലകൾ വെള്ളത്തിൽ മുങ്ങുന്നു.
വനമേഖല ഉയര്‍ന്ന ചെരിവുള്ള പ്രദേശമാണെങ്കില്‍ അവിടം സംരക്ഷിക്കേണ്ടതാണ്. എന്നാൽ, 2018 ലെ മൺസൂണ്‍ കാലത്ത് കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ ആയിരക്കണക്കിന് ഉരുൾപൊട്ടലുകൾ സംഭവിച്ചിട്ടും സർക്കാർ കണ്ണ് തുറന്നില്ല. മലയോര മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴും ശക്തമാണ്. ദുരന്തങ്ങൾ പരമാവധി കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെടുന്നു. പരിസ്ഥിതി ദുർബല മേഖലയിലെ ചെങ്കുത്തായ മലകളിൽ വലിയ പാറക്കല്ലുകള്‍ താഴേക്ക് ഉരുണ്ടു വരുവാന്‍ പാകത്തില്‍ നിൽക്കുന്നുണ്ട്.
വലിയ തായ്വേരുള്ള മരങ്ങളുണ്ടെങ്കില്‍ ഇത് ഒരു പരിധിവരെ മണ്ണിനെ പിടിച്ചുനിര്‍ത്തും. എന്നാൽ വൻമരങ്ങളെല്ലാം വെട്ടി ഇത്തരം സ്ഥലങ്ങളിൽ വൻതോതിൽ റബ്ബര്‍ മരങ്ങള്‍ കൃഷി ചെയ്തിട്ടുണ്ട്. റബ്ബറിന്റെ വേരുകൾക്ക് ആഴത്തിലേക്കിറങ്ങി മണ്ണിനെ പിടിച്ചുനിര്‍ത്താനുള്ള ശേഷിയില്ല. അതും ഉരുൾപൊട്ടൽ അടക്കമുള്ള പ്രതിഭാസത്തിന് ആക്കം കൂട്ടുന്നു. അതികഠിനമായ മഴയില്‍ നമ്മുടെ പ്രകൃതി ഇടിഞ്ഞുവീഴുകയാണ്. മഴ തുടന്നാൽ പാരിസ്ഥിതിക നാശത്തിന്റെ തോത് ഗണ്യമായി വർധിക്കാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.