തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റിവ് സൊസൈറ്റിയുടെ (യു.എൽ.സി.സി.എസ്) 25 കോടിയുടെ ഡി.പി.ആർ പരിശോധിക്കാനുള്ള സാങ്കേതികാനുമതി കമ്മിറ്റിയുടെ കൺവീനർ ഊരാളുങ്കലിൽ നിന്ന് തന്നെ. ഊരാളുങ്കൽ അസി. ജനറൽ മാനേജർ ബി.കെ. ഗോപകുമാറാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ചെയർപേഴ്സനായ കമ്മിറ്റിയുടെ കൺവീനർ. റവന്യൂ ഭവൻ നിർമാണത്തിന് സാങ്കേതികാനുമതി നൽകുന്നതിനാണ് കമ്മിറ്റി.
റവന്യൂ വകുപ്പിൽ മതിയായ സാങ്കേതിക ഉദ്യോഗസ്ഥരില്ലാത്തതിനാൽ വിദഗ്ധ സമിതി രൂപവത്കരിക്കാൻ അനുമതി ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമീഷണർ 16ന് നൽകിയ കത്തിനെ തുടർന്നാണ് ഊരാളുങ്കലിന്റെ സ്വന്തം വിദഗ്ധ സമിതിക്ക് റവന്യൂ വകുപ്പ് മിന്നൽ വേഗത്തിൽ അംഗീകാരം നൽകിയത്. വെറും രണ്ടുദിവസം കൊണ്ടായിരുന്നു നടപടി. 18ന് തന്നെ അനുമതി ഉത്തരവിറങ്ങി.
ഹൗസിങ് ബോർഡിൽ നിന്ന് വിരമിച്ച എക്സി. എൻജിനീയർ എ.എസ്. ശിവകുമാർ, ഹൗസിങ് ബോർഡ് ചീഫ് എൻജിനീയർ ബി. ഹരികൃഷ്ണൻ, തിരുവനന്തപുരം ജില്ല പഞ്ചായത്ത് എക്സി. എൻജിനീയർ ഡി. രാജേഷ്, കെ.എസ്.ഇ.ബി എക്സി. എൻജിനീയർ എം. സുരേഷ് ബാബു എന്നിവരാണ് ആറംഗ സമിതിയിലെ മറ്റംഗങ്ങൾ. പബ്ലിക് ഓഫിസിൽ പ്രവർത്തിക്കുന്ന റവന്യൂ ഭവന് കെട്ടിട സമുച്ചയത്തിനായി 2023 ജൂണിലാണ് കവടിയാർ കൊട്ടാരത്തിൽ നിന്ന് ഒരേക്കർ ഭൂമി ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.