ഭൂരിപക്ഷത്തിന്റെ ക്രെഡിറ്റ് പാലക്കാട്ടെ എല്ലാ നാടകങ്ങളുടെയും സ്‌ക്രിപ്റ്റ് തയാറാക്കിയ മന്ത്രിക്കും അളിയനുമെന്ന് വി.ഡി. സതീശൻ

കൊച്ചി: പാലക്കാട് പതിനയ്യായിരത്തിന് മുകളിലുള്ള ഭൂരിപക്ഷത്തിന്റെ ക്രെഡിറ്റ് പാലക്കാട്ടെ എല്ലാ നാടകങ്ങളുടെയും സ്‌ക്രിപ്റ്റ് തയാറാക്കിയ മന്ത്രിക്കും അളിയനുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷാഫി പറമ്പില്‍ 2021-ല്‍ വിജയിച്ചതിന്റെ അഞ്ചിരട്ടിയോളം ഭൂരിപക്ഷത്തിനാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്.

ചേലക്കരയില്‍ 2021-ല്‍ എല്‍.ഡി.എഫിന് കിട്ടിയ നാല്‍പ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നും ഇരുപത്തി എണ്ണായിരം വോട്ട് കുറക്കാന്‍ യു.ഡി.എഫിന്റെ പോരാട്ടത്തിന് കഴിഞ്ഞു. മൂന്നു വര്‍ഷത്തിനിടെ കേരളത്തില്‍ നിരവധി ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. തൃക്കാക്കരയില്‍ പി.ടി തോമസ് വിജയിച്ചതിന്റെ ഇരട്ടി ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചതിന്റെ നാലിരട്ടി ഭൂരിപക്ഷത്തിന് ചാണ്ടി ഉമ്മനും വിജയിച്ചു. പാലക്കാട് ഷാഫി പറമ്പില്‍ വിജയിച്ചതിന്റെ അഞ്ചിരട്ടിയോളം ഭൂരിപക്ഷത്തിന് അടുത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി.

ചേലക്കരയിലെ ഭൂരിപക്ഷത്തില്‍ ഇരുപത്തിയെണ്ണായിരം വേട്ടിന്റെ കുറവുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായ പൊതുമരാമത്ത് മന്ത്രി പറഞ്ഞത് പിണറായി വിജയന്‍ തിളങ്ങി നില്‍ക്കുന്നു എന്നാണ്. ഇത്രയും വലിയ തോല്‍വി ഉണ്ടായിട്ടും മുഖ്യമന്ത്രി എങ്ങനെയാണ് തിളങ്ങി നില്‍ക്കുന്നത്? ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് സി.പി.എം അവകാശപ്പെടുന്നത്.

അങ്ങനെ തന്നെ വിശ്വസിച്ചാല്‍ മതി. കോണ്‍ഗ്രസില്‍ നിന്നും സീറ്റ് കിട്ടാതെ ബി.ജെ.പിയിലും സീറ്റ് അന്വേഷിച്ച് പോയ ആളെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ രണ്ടാം സ്ഥാനത്തിന് വേണ്ടിമത്സരിക്കാനുള്ള അവകാശമാണ് സി.പി.എം നഷ്ടപ്പെടുത്തിയത്. മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ടും ബി.ജെ.പിയെ ദുര്‍ബലപ്പെടുത്താനല്ല, കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ദുര്‍ബലപ്പെടുത്തി ബി.ജെ.പിക്ക് വിജയം ഒരുക്കാനാണ് സി.പി.എം പരിശ്രമിച്ചത്.

സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണ് മത്സരിച്ചത്. അതുകൊണ്ടു തന്നെയാണ് പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയത്. പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. പതിനെണ്ണായിരം എന്ന ഭൂരിപക്ഷം ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്.

അവരാണ് ഈ തിരഞ്ഞെടുപ്പില്‍ ദുഷ്പ്രചരണങ്ങള്‍ നടത്തിയത്. അതിനെല്ലാമുള്ള മറുപടിയാണ് പാലക്കാട്ടെ ഭൂരിപക്ഷം. കോണ്‍ഗ്രസിനും യു.ഡി.എഫിനും മാത്രമെ കേരളത്തില്‍ ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ കഴിയൂവെന്നുള്ള പ്രഖ്യാപനം കൂടിയാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലമെന്ന് വി.ഡി സതീശൻ പറഞ്ഞു. 

2021-ലെ ദയനീയ സ്ഥിതിയില്‍ തന്നെയാണ് സി.പി.എം ഇപ്പോഴും പാലക്കാട്. ഇ ശ്രീധരന് കിട്ടിയ വോട്ടുകളൊന്നും ബി.ജെ.പിയുടേതല്ല. അത് ഇത്തവണ രാഹുലിന് കിട്ടി. അതും കിട്ടി അതില്‍ കൂടുതലും കിട്ടി. സി.പി.എമ്മിന്റെ തകര്‍ച്ച കൊണ്ടാണ് പാലക്കാട് ബി.ജെ.പി വളര്‍ന്നത്. യു.ഡി.എഫാണ് ബി.ജെ.പിയെ പിടിച്ചു കെട്ടിയത്. 28 വര്‍ഷമായി സി.പി.എം എം.എല്‍.എമാരുള്ള ചേലക്കരയില്‍ 28000 വോട്ടിന്റെ ഭൂരിപക്ഷം കുറച്ചു. കഠിനാദ്ധ്വാനം ചെയ്താല്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് അത് സൂചിപ്പിക്കുന്നത്.

മന്ത്രി എം.ബി. രാജേഷ് എഴുതിക്കൊടുത്തതതാണ് അപ്രസക്തരായ ആളുകള്‍ പാര്‍ട്ടി വിട്ടപ്പോഴും എനിക്കെതിരെ പറഞ്ഞത്. അഹങ്കാരിയും ധിക്കാരിയുമായ വി.ഡി സതീശന്റെ പാര്‍ട്ടി വിട്ട് എല്‍.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ആള്‍ പോയത് വിനയന്വിതനും ലാളിത്യമുള്ളവനുമായ പിണറായി വിജയന്റെ പാര്‍ട്ടിയിലേക്കാണ്. അഹങ്കാരമാണെന്നും ധിക്കാരമാണെന്നും നിയമസഭയില്‍ സി.പി.എം എം.എല്‍.എമാര്‍ പറഞ്ഞതും എന്നെക്കുറിച്ചല്ല.

അവര്‍ പറയാന്‍ ഉദ്ദേശിച്ച ആളിനോട് പറയാനുള്ള ധൈര്യം അവര്‍ക്കില്ല. പാലക്കാട് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കി തന്നതില്‍ പാതിരാ നാടകത്തിനും സ്പിരിറ്റ് നാടകത്തിനും പത്രത്തിലെ പരസ്യനാടകത്തിനും പങ്കുണ്ട്. ഈ നാടകങ്ങളുടെയെല്ലാം സ്‌ക്രിപ്റ്റ് മന്ത്രിയും അളിയനും ചേര്‍ന്ന് എഴുതിയതാണ്.

അതുകൊണ്ടു തന്നെ പതിനയ്യായിരത്തിന് മുകളിലുള്ള ഭൂരിപക്ഷത്തിന്റെ ക്രെഡിറ്റ് അവര്‍ക്ക് നല്‍കുന്നു. കൂടുതലായി ചേര്‍ത്ത പതിനയ്യായിരം വന്നിട്ടും എല്‍.ഡി.എഫിന് വോട്ട് കൂടിയില്ല. യു.ഡി.എഫ് ഭൂരിപക്ഷത്തില്‍ എം.വി ഗോവിന്ദന്റെ സംഭാവനയുമുണ്ട്. കള്ളപ്പണക്കേസില്‍ പ്രതിയാകേണ്ടതിന് പകരം സാക്ഷിയാക്കിയതിലും കോഴക്കേസില്‍ ഒഴിവാക്കിയതിലും സുരേന്ദ്രന് മുഖ്യമന്ത്രിയോട് നന്ദിയുണ്ട്. അതുകൊണ്ടാണ് അദ്ദേഹം എന്നെ വിമര്‍ശിച്ചത്. എന്നിട്ടും ജനങ്ങള്‍ യു.ഡി.എഫിനൊപ്പമാണെന്നു തെളിയിച്ചു. യു.ഡി.എഫിലും കോണ്‍ഗ്രസിലും എല്ലാവരെയും ചേര്‍ത്ത് പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. പ്രിയങ്ക ഗാന്ധിയുടെ വിജയവും യു.ഡി.എഫിന് കരുത്ത് പകരമെന്ന് വി.ഡി സതീശൻ പറഞ്ഞു. 

സി.പി.എം നടത്തിയത് സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ്. ഇത്രയും വലിയ തോല്‍വി ഉണ്ടായിട്ടും മുഖ്യമന്ത്രി എങ്ങനെയാണ് തിളങ്ങി നില്‍ക്കുന്നത്? ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് സി.പി.എം അവകാശപ്പെടുന്നതെങ്കില്‍ അങ്ങനെ തന്നെ വിശ്വസിക്കുന്നതാണ് നല്ലതെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - v. d. satheesan said that the credit of the majority goes to the minister who prepared the script of all the dramas in Palakkad.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.