പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് വി. ശിവൻകുട്ടി

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ മേഖലാ തല അദാലത്ത് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഫയൽ അദാലത്തിന് തുടക്കം കുറിക്കുകയാണ്.  കോടതിയുടെ പരിഗണനയിലുള്ള ഫയലുകൾ ഒഴികെയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ശ്രമം. ഈ  അദാലത്തിൽ പരിഹരിക്കാൻ കഴിയാത്ത ഫയലുകൾ തീർപ്പാക്കാൻ തിരുവനന്തപുരത്ത് സംസ്ഥാനതല അദാലത്തും സംഘടിപ്പിക്കും. ഒരു വർഷം മുതൽ പത്തു വർഷം വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടേതടക്കം നിരവധി പ്രശ്നങ്ങളുണ്ട്. ഫയലുകൾ വെച്ചു താമസിപ്പിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ പതിവാണ്. ഇത് ഒരു രോഗലക്ഷണമായി വേണം കാണാൻ. ഇതിനുള്ള ചികിത്സ കൂട്ടായി നൽകുന്നതിനാണ് എല്ലാവരെയും ചേർത്ത് അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പി. രാജീവും അദാലത്തിൽ പങ്കെടുത്തു. തൃശൂർ ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിൽ കഴിഞ്ഞ 2012 മുതൽ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്തു വന്നിരുന്ന 105 യുപി സ്കൂൾ ടീച്ചർമാരുടെ നിയമനം അംഗീകരിച്ചുള്ള സർക്കാർ ഉത്തരവ് മന്ത്രി പി. രാജീവിൻ്റെ സാന്നിധ്യത്തിൽ മന്ത്രി വി. ശിവൻ കുട്ടി സ്ഥാപനത്തിൻ്റെ കോർപ്പറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പന് കൈമാറി.

2012 ലെ ഒരു നിയമനം അംഗീകരിക്കപ്പെടാതെ വന്നതിനെ തുടർന്നാണ് അതിനു ശേഷം നടത്തിയ നിയമനങ്ങൾ അംഗീകരിക്കാൻ കഴിയാതിരുന്നത്. മന്ത്രി പി.രാജീവിൻ്റെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി പ്രശ്നത്തിൽ ഇടപെടുകയും കഴിഞ്ഞ ആറുമാസത്തോളമായി പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തുകയുമായിരുന്നു. അംഗീകരിക്കപ്പെടാതിരുന്ന സ്വർണ റാഫേൽ എന്ന അധ്യാപികയുടെ നിയമനം പ്രത്യേക ഇളവ് നൽകി സർക്കാർ ഉത്തരവായതോടെയാണ് ഇത്രയധികം പേരുടെ നിയമനങ്ങളും അംഗീകരിക്കപ്പെട്ടത്.

വർഷങ്ങളായി നിയമന അംഗീകാരവുമായി ബന്ധപ്പെട്ട തടസങ്ങളെ തുടർന്ന് ശമ്പളമില്ലാതെ ജോലി ചെയ്തിരുന്ന അധ്യാപകരുടെ ജീവിതത്തിൽ വിദ്യാഭ്യാസ മന്ത്രി ഒരു വെളിച്ചമായി മാറിയിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. നിരവധി സർക്കാരുകൾ മാറി വന്നെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.

സർക്കാർ ഏറ്റെടുത്ത എയ്ഡഡ് സ്കൂളുകളുടെ ഏറ്റെടുക്കൽ ഉത്തരവും വർഷങ്ങളായി നിയമന ഉത്തരവ് ലഭിക്കാതിരുന്ന ജീവനക്കാരുടെ നിയമന ഉത്തരവുകളും മന്ത്രി വേദിയിൽ കൈമാറി. മുളവുകാട് ഗവ. എൽപി സ്കൂൾ, തൃപ്പൂണിത്തുറ പെരുമ്പിള്ളി ഗവ. യുപി സ്കൂൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്. വിവിധ സ്കൂളുകളിൽ നിയമന ഉത്തരവ് ലഭിക്കാതിരുന്ന കെ.ജെ. ഡിജോ, സിസ്റ്റർ ലാലി, റിനി ജോസഫ്, സ്മിതേഷ് ഗോപിനാഥ്, സുനിത, പി. ധന്യാമോൾ, ജിസ്മ ബിസ് ബാബു, ആൽഫ്രഡ് ബേബിച്ചൻ, ഐറിൻ ജോർജ്, ജിഷി എന്നിവർ നിയമന ഉത്തരവ് ഏറ്റുവാങ്ങി. പത്ത് വർഷമായി ലീവിൽ പോയതിനെ തുടർന്ന് മരവിച്ച പി എഫ് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കുന്നതുമായി അഞ്ച് വർഷമായി കെട്ടിക്കിടന്ന മുവാറ്റുപുഴ ഗവ. ടി ടി ഐ യിലെ പി.എസ്. ഷിയാസിൻ്റെ പ്രശ്നത്തിനുള്ള പരിഹാരവും വേദിയിൽ മന്ത്രി വിതരണം ചെയ്തു.

ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ്, അഡീഷണൽ ഡയറക്ടർ എ. സന്തോഷ്, മേഖലാ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, മറ്റ് ഉദ്യോഗസ്ഥർ, അധ്യാപക സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - V. Shivankutty said that all pending files in the Department of Public Education will be settled.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.