തിരുവനന്തപുരം: തെരുവുനായ് ശല്യം മുൻനിർത്തി സംസ്ഥാനത്ത് ആരംഭിച്ച വാക്സിനേഷനോട് തദ്ദേശ സ്ഥാപനങ്ങൾക്ക് ഉദാസീന ഭാവം. സെപ്റ്റംബർ ഒന്നുമുതൽ 23 വരെ 33 തെരുവുനായ്ക്കൾക്കുമാത്രമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ വാക്സിനേഷൻ നടന്നത്. അതേസമയം, മൃഗസംരക്ഷണ വകുപ്പിന് കീഴിൽ 937 തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകി. തദ്ദേശ സ്ഥാപനങ്ങളിൽ തിരുവനന്തപുരം ഉൾപ്പെടെ 11 ജില്ലകളിൽ ഒരെണ്ണത്തിനു പോലും വാക്സിൻ നൽകാനായില്ല. മലപ്പുറത്ത് 20 എണ്ണത്തിനും തൃശൂരിൽ 10 എണ്ണത്തിനും പത്തനംതിട്ടയിൽ മൂന്നെണ്ണത്തിനും വാക്സിൻ നൽകി. മൃഗസംരക്ഷണ വകുപ്പിന് കീഴിൽ തിരുവനന്തപുരം ഉൾപ്പെടെ നാല് ജില്ലകളിൽ ഒരു തെരുവുനായ്ക്കും വാക്സിൻ നൽകിയില്ല. കോട്ടയത്താണ് ഏറ്റവും കൂടുതൽ തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകിയത് -365. തൊട്ടടുത്ത് തൃശൂരാണ് -213.
നായ് പിടിത്തക്കാർക്ക് ആരോഗ്യവകുപ്പ് നൽകുന്ന പ്രതിരോധവാക്സിനേഷൻ പൂർത്തിയാകാത്തതാണ് പ്രതിസന്ധിയായത്. നായ്പിടിത്തക്കാരുടെ ക്ഷാമം പരിഹരിക്കാനായെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. കുടുംബശ്രീയിൽനിന്ന് ഉൾപ്പെടെ 450 ഓളം നായ്പിടിത്തക്കാർ സന്നദ്ധരായി എത്തിയിട്ടുണ്ട്. ഇവർക്ക് 21ദിവസം നിശ്ചിത കാലയളവുകളിലായി മൂന്ന് ഡോസ് പ്രതിരോധ വാക്സിനാണ് നൽകേണ്ടത്. പകുതിപേർക്കും രണ്ട് ഡോസ് പൂർത്തിയാക്കാനേ കഴിഞ്ഞിട്ടുള്ളൂ. ഇതിനിടെ നായ്പിടിത്തക്കാരിൽ പലർക്കും കടിയേറ്റതും വാക്സിനേഷന് പ്രതിസന്ധിയായി. അതേസമയം, വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ കാര്യക്ഷമമായി മുന്നോട്ടുപോയി. 23 ദിവസത്തിനിടെ തദ്ദേശ സ്ഥാപനങ്ങൾക്ക് 6932 വളർത്തുനായ്ക്കൾക്കും മൃഗസംരക്ഷണ വകുപ്പ് 1,13,363 നായ്ക്കൾക്കും പ്രതിരോധ വാക്സിൻ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.