Representational Image 

വന്ദേഭാരത്​ പരീക്ഷണയോട്ടം: സമയലാഭം 47 മിനിറ്റ്, ​7.10 മണിക്കൂറിൽ കണ്ണൂർ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്​പ്രസിന്‍റെ ആദ്യ പരീക്ഷണയോട്ടം പൂർത്തിയായി. പുലര്‍ച്ച 5.10ന് തിരുവനന്തപുരത്തുനിന്ന്​ പുറപ്പെട്ട ട്രെയിൻ ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്ത്​ ഉച്ചക്ക്​​ 12നാണ്​ കണ്ണൂരിലെത്തിയത്​. നിലവിലെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനുമായി താരതമ്യം ചെയ്യുമ്പോൾ 47 മിനിറ്റിന്‍റെ സമയ ലാഭമേ കണ്ണൂരിലുള്ളവർക്കും കിട്ടൂ. തിരുവനന്തപുരത്തുനിന്ന്​ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പുറപ്പെടുന്ന രാജധാനി എക്സ്​പ്രസ്​ 7.57 മണിക്കൂർകൊണ്ട്​ കണ്ണൂരിലെത്തുന്നുണ്ട്​.

കോട്ടയത്തെത്തുന്ന സമയത്തിലും വലിയ അന്തരമില്ല. തിരുവനന്തപുരത്തുനിന്ന്​ രണ്ടു​ മണിക്കൂർ 19 മിനിറ്റിലാണ്​ വന്ദേഭാരത്​ കോട്ടയം തൊട്ടത്​. കേരള എക്സ്​പ്രസ്​ രണ്ടു​ മണിക്കൂർ 42 മിനിറ്റുകൊണ്ട്​ ​ ഈ ദൂരം പിന്നിടുന്നുണ്ട്​.​ കോട്ടയത്തേക്കുള്ള യാത്രക്കാർക്ക്​ ലഭിക്കുന്നത്​ 23 മിനിറ്റ്​ ലാഭം മാത്രം. മൂന്നു മണിക്കൂർ 18​ മിനിറ്റ്​ എടുത്ത്​ രാവിലെ 8.28നാണ്​ എറണാകുളം പിടിച്ചത്​. ഇതേസമയംകൊണ്ട്​ ഇതിലും കുറഞ്ഞ ചെലവിൽ എറണാകുളത്തെത്താമെന്നതാണ്​ നിലവിൽ സ്ഥിതി.

വന്ദേഭാരത്​ തിരുവനന്തപുരത്തുനിന്ന്​ കോഴിക്കോട്ടെത്തിയത്​ ആറു മണിക്കൂർ ആറ്​ മിനിറ്റിലാണ്​. രാജധാനി 6.42 മണിക്കൂറിൽ കോഴിക്കോട്ട്​​ ഓടിയെത്തുന്നുണ്ട്​. ജനശതാബ്​ദി 7.01 മണിക്കൂർ കൊണ്ടും. തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പരീക്ഷണയോട്ടത്തിൽ ട്രെയിനിലുണ്ടായിരുന്നു.

കണ്ണൂരിൽനിന്ന്​ ഉച്ചക്കു​​ ശേഷം മടക്കായാത്ര ആരംഭിച്ച ട്രെയിൻ രാത്രിയോടെ കൊച്ചുവേളിയിലെത്തി. പരീക്ഷണയാത്രയിലെ ശരാശരി വേഗം 70 കി.മീ ആണ്​. പരീക്ഷണയോട്ടത്തിൽ തന്നെ പല പ്രതിദിന-പ്രതിവാര സർവിസുകളെയും പിടിച്ചിട്ടാണ്​ വ​ന്ദേഭാരത്​ ഓടിയത്​​.

Tags:    
News Summary - vande bharat express kerala trial run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.