കട്ടപ്പന: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് പ്രതി അർജുനോട് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് തുടക്കം മുതൽതന്നെ ആരോപണം ഉയർന്നിരുന്നു. അർജുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനായതിനാൽ പൊലീസ് നേരാംവണ്ണം അന്വേഷിച്ചിരുന്നില്ലെന്നും പട്ടികജാതിക്കാരനല്ലാത്ത പ്രതിയെ പട്ടികജാതിക്കാരനാക്കിയാണ് പൊലീസ് അവതരിപ്പിച്ചതെന്നും പരാതിയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിയുടെ മാതാപിതാക്കൾ ഹൈകോടതിയെ വരെ സമീപിച്ചിരുന്നു.
കൊലപാതകം നടന്ന ഉടൻ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചു എന്ന് വരുത്തിത്തീർക്കാനായിരുന്നു പൊലീസ് ശ്രമം. എന്നാൽ, ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെയാണ് അന്വേഷണത്തിന്റെ ഗതി മാറിയത്. പ്രതിക്ക് രാഷ്ട്രീയ സംഘടനയുമായി ബന്ധമുള്ളതായി അന്വേഷണത്തിൽ വെളിവായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. പി.കെ ബഷീര്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ എന്നിവരുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി.
എന്നാൽ, അര്‍ജുന്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നും ഡി.വൈ.എഫ്.ഐ പെരിയാര്‍ മേഖലാ കമ്മിറ്റി അംഗമാണെന്നും യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച എന്നീ സംഘടനകൾ ആരോപിച്ചിരുന്നു. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച റീ സൈക്കിൾ ശേഖരണ പരിപാടിയുടെ പ്രവർത്തനങ്ങളിൽ മുൻനിരക്കാരൻ ആയി വീടുകളിൽ എത്തി സാധനങ്ങൾ സംഘടിപ്പിച്ചതു അര്‍ജുനാണെന്ന് നാട്ടുകാരും പറഞ്ഞിരുന്നു. വണ്ടിപെരിയാര്‍ കേസില്‍ പ്രതിയായ അതെ ദിവസം അര്‍ജുനെ അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡി.വൈ.എഫ്.ഐയും അറിയിച്ചു.
2021 ജൂണ്‍ 30നാണ് ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന നിലയില്‍ കണ്ടെത്തുന്നത്. ആദ്യം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാണെന്ന് പറഞ്ഞ പൊലീസ് പിന്നീട് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ ക്രൂരമായ പീഡന വിവരം കണ്ടെത്തിയതോടെയാണ് ബലാത്സംഗ, കൊലപാതക കുറ്റം ചുമത്തിയത്.
കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചതെന്ന് ആരോപണമുയർന്നിരുന്നു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം കുറ്റപത്രത്തിൽ ചേർത്തിരുന്നില്ല. ക്രിസ്തുമത വിശ്വാസിയായ പ്രതി അർജുൻ പട്ടികവിഭാഗത്തിൽപെട്ടയാളാണെന്ന രേഖകളുണ്ടാക്കി പട്ടികവിഭാഗ പീഡനക്കേസ് മനഃപൂർവം ഒഴിവാക്കുകയാണെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, പ്രതി പട്ടികവിഭാഗക്കാരനാണെന്ന് അന്വേഷണത്തിൽ ബോധ്യമായെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചത്. ഇയാളുടെ പിതാവ് മതം മാറിയതിന്റെ രേഖ കുട്ടിയുടെ പിതാവ് ഹാജരാക്കിയെങ്കിലും പരിശോധനക്ക് ലഭിച്ച സുപ്രധാന രേഖകളിലെല്ലാം പ്രതി പട്ടികജാതിക്കാരനാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറഞ്ഞ കോടതി ഹരജി തള്ളിയിരുന്നു.
കൊലപാതകം നടന്നതിന് പിന്നാലെ ജൂലൈ നാലിനാണ് അയൽവാസിയായ പ്രതി അർജുനെ പൊലീസ് പിടികൂടിയത്. 78 ദിവസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു. അന്നത്തെ വണ്ടിപ്പെരിയാർ സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മുട്ടം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മൂന്ന് വയസു മുതല്‍ കുട്ടിയെ ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. അശ്ലീല വീഡിയോകള്‍ നിരന്തരമായി കാണുന്ന അര്‍ജുന്‍റെ ഫോണില്‍ നിന്നും വന്‍ അശ്ലീല വീഡിയോ ശേഖരവും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി ഉപദ്രവിക്കുന്നതിനിടെ പെണ്‍കുട്ടി ബോധമറ്റ് വീഴുകയും മരിച്ചെന്ന് കരുതി മുറിക്കുള്ളിലെ കയറില്‍ ഷാളില്‍ കെട്ടിത്തൂക്കുകയുമായിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.