ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവം: വിശദ അന്വേഷണം നടത്തുമെന്ന് റൂറൽ എസ്.പി

തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ തീപിടിച്ച് മരിച്ച സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് റൂറൽ എസ്.പി ദിവ്യ ഗോപിനാഥ്. ഫോറൻസിക്, ഇലക്ട്രിക്കൽ വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.

വീടിന്‍റെ ഉൾഭാഗം പൂർണമായി അഗ്നിക്കിരയായിട്ടുണ്ട്. മുറിയിലെ എ.സികൾക്ക് അടക്കം തീപിടിച്ചു. അയൽവാസികളാണ് തീപിടിത്ത വിവരം അധികൃതരെ അറിയിച്ചതെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

പുലർച്ചെ രണ്ടുമണിയോടെയാണ് വര്‍ക്കല അയന്തിയില്‍ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചത്. ഇളവാപുരം സ്വദേശി പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇളയ മകന്‍ അഖില്‍ (25), മൂത്തമകന്‍ നിഖിലിന്‍റെ ഭാര്യ അഭിരാമി (24), പേരക്കുട്ടി റയാൻ (എട്ടുമാസം) എന്നിവരാണ് മരിച്ചത്.

നിഖില്‍ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിഖിലിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ.

പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികളാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. ഇരുനില വീടിന്‍റെ അകത്തെ എല്ലാ മുറികളിലേക്കും തീപടരുകയായിരുന്നു. അഗ്നിശമനസേനയെത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ച് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ.

വീടിന്‍റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം.

Tags:    
News Summary - Varkala fire: Rural SP to conduct detailed probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.