ആലപ്പുഴ: രുഗ്മിണീസ്വയംവരത്തിൽ കൃഷ്ണനായി കളിയരങ്ങിൽ ആടിതിമിർത്ത കെ.എൻ. സുരേന്ദ്രനാഥവർമ ആലപ്പുഴയിലേക്ക് കൊണ്ടുവന്നത് സംസ്ഥാനസ്കൂൾ യുവജനോത്സവ ചരിത്രത്തിലെ ആദ്യകഥകളി വിജയം. 1957ൽ എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നടന്ന പ്രഥമ മത്സരത്തിലാണ് ചേർത്തല ഗവ. ബോയ്സ് സ്കൂളിലെ ഈ ഒമ്പതാംക്ലാസുകാരൻ കഥകളിയുടെ ആദ്യസമ്മാനം സ്വന്തംപേരിൽ കുറിച്ചത്. ചേർത്തല എൻ.എസ്.എസ് കോളജിൽനിന്ന് പ്രഫസറായി വിരമിച്ച് 22 വർഷം പിന്നിടുമ്പോഴും ആ പഴയവേഷങ്ങൾ വീണ്ടും ഓർമയുടെ അരങ്ങിലെത്തും.
കേരളത്തിന്റെ തനത് കലയായ കഥകളിയിലെ പ്രധാന ആകർഷകം വേഷമാണ്. അതിനപ്പുറം ആസ്വദിക്കണമെങ്കിൽ മുദ്രകളും കഥകളും അറിയണം. ആസ്വാദനക്കൂട്ടമില്ലാതിരുന്ന ആദ്യ സ്കൂൾ യുവജനോത്സവത്തിലെ ഒന്നാം സ്ഥാനത്തിന് തിളക്കമേറെയാണ്. സ്കൂൾതലത്തിൽനിന്ന് നേരിട്ടായിരുന്നു മത്സരം. അതിനാൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ ഉൾപ്പെട്ട ക്ലാസിക്കൽ നൃത്തത്തിനൊപ്പമായിരുന്നു കഥകളിയും. വിധികർത്താക്കൾ മൂന്നും വിലയിരുത്തി ഫലം പ്രഖ്യാപിച്ചപ്പോൾ ഒന്നാംസ്ഥാനം വർമക്കായിരുന്നു. 68 വർഷം മുമ്പ് ആദ്യത്തെ ‘കഥകളി’ മത്സരത്തിന് സമ്മാനമായി കിട്ടിയ ക്ലാസിക്കൽ ഡാൻസ് (കഥകളി) എന്നെഴുതിയ സർട്ടിഫിക്കറ്റ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളജിലെ പ്രീയൂനിവേഴ്സിറ്റി പഠനകാലത്തും കഥകളി മുഖ്യമുദ്രയായി. കേരളസർവകലാശാല കലോത്സവത്തിൽ രണ്ടുതവണ കഥകളിക്ക് ഒന്നാമതെത്തി. മൈസൂരിലൂം ഡൽഹിയിലും നടന്ന ഇന്റർ യൂനിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ കേരളത്തെ പ്രതിനിധീകരിച്ചായിരുന്നു മത്സരം. ‘എ’ ഗ്രേഡ് വിജയത്തിന് ‘മിനിസ്റ്റേഴ്സ് ഓഫ് എജുക്കേഷൻ’ പേരിലുള്ള സർട്ടിഫിക്കറ്റും കിട്ടിയിട്ടുണ്ട്.
നടനും കഥകളി കലാകാരനുമായ ജഗന്നാഥവർമയുടെ സഹോദരനാണ്. അദ്ദേഹത്തോടൊപ്പവും നിരവധി വേദികളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. കർണ്ണശപഥമാണ് അവതരിപ്പിക്കാറ്. ജഗന്നാഥവർമ കുന്തിയാകുമ്പോൾ, സുരേന്ദ്രനാഥവർമ കർണനാകും. പുരുഷവേഷങ്ങളോടായിരുന്നു സുരേന്ദ്രനാഥ വർമക്ക് കമ്പം. സഹോദരങ്ങളായ ഇരുവരും പള്ളിപ്പുറം ഗോപാലൻനായരുടെ ശിക്ഷണത്തിൽ കഥകളി പഠിച്ച് ഒരുമിച്ചാണ് അരങ്ങേറ്റം നടത്തിയത്. കലാമണ്ഡലം കൃഷ്ണൻ നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, പള്ളിപ്പുറം ഗോപാലൻ നായർ തുടങ്ങി ഒട്ടേറെ പ്രമുഖർക്കൊപ്പവും കഥകളി വേഷമിട്ടിട്ടുണ്ട്.
ചേർത്തല കാട്ടുങ്കൽ കോവിലകത്ത് (ത്രിവേണി) ആണ് താമസം. നിലവിൽ വാരനാട് ദേവിക്ഷേത്രത്തിലെ പ്രസിഡന്റാണ്. കഥകളി ക്ലബ്, ആൾ കേരള ക്ഷത്രിയക്ഷേമ സഭ സംസ്ഥാനപ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുറേനാളുകളായി അരങ്ങിൽ കഥകളി വേഷം കെട്ടാറില്ലെങ്കിലും കലാരംഗത്ത് ഇപ്പോഴും സജീവമാണ്. കോളജ് അധ്യാപകനായി വിരമിച്ചശേഷം പഠിച്ചെടുത്ത ചെണ്ടമേളം തായമ്പകത്തിൽ കൊട്ടികയറാറുണ്ട്. കഥകളി നിരൂപകനും അധ്യാപകനും എഴുത്തുകാരുമായിരുന്ന പ്രഫ. അമ്പലപ്പുഴ രാമവർമയുടെ മകൾ രമണിഭായി (ധനലക്ഷ്മി ബാങ്ക് റിട്ട. ഉദ്യോഗസ്ഥ) ഭാര്യയും ജ്യോത്സന എസ്. വർമ, (കമ്പ്യൂട്ടർ വിദഗ്ധ, ലണ്ടൻ) ജ്യോതിഷ് കുമാർ (എൻജീനിയർ, അമേരിക്ക) എന്നിവർ മക്കളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.