കൊച്ചി: ചരക്കു സേവന നികുതി നടപ്പായി നാലുവർഷമായിട്ടും തീർപ്പാകാതെ കിടക്കുന്ന ആയിരക്കണക്കിന് മൂല്യവർധിത നികുതി (വാറ്റ്) കുടിശ്ശിക കേസുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് വ്യാപാരികളുടെ കത്ത്. വാറ്റ് കാലത്തെ എല്ലാ കേസും തീർപ്പാക്കാൻ കമീഷൻ രൂപവത്കരിക്കണം. കേരള വാറ്റ് നികുതി നിയമം സെക്ഷൻ 25 എ എ നിയമഭേദഗതി അനുസരിച്ച് 95 ശതമാനം കേസുകളും തീർപ്പാക്കാൻ കഴിയുമെങ്കിലും ഇതിന് മുൻകാല പ്രാബല്യമില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ തയാറാകുന്നിെല്ലന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ കത്തിൽ ചൂണ്ടിക്കാട്ടി.
ജി.എസ്.ടി നിലവിൽവരുംമുമ്പുള്ള എല്ലാ നികുതി നിയമങ്ങളും നിർത്തലാക്കിയിരുന്നു. എന്നാൽ, കേരളത്തിൽ മാത്രമാണ് വാറ്റ് കുടിശ്ശിക കേസുകൾ തുടരുന്നത്. വാറ്റ് കുടിശ്ശിക ഈടാക്കുന്നതിന് മിക്ക വ്യാപാരികൾക്കും വൻതുക അടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നോട്ടീസിന് വകുപ്പുതലത്തിൽ അപ്പീൽ നൽകുന്നതിന് ആവശ്യപ്പെട്ട തുകയുടെ 20 ശതമാനവും ഒരിക്കലും തിരികെ ലഭിക്കാത്ത ഒരുശതമാനം ലീഗൽ ബെനിഫിറ്റ് ഫണ്ടും അടക്കണം. ഇതിന് കഴിവില്ലാത്തതിനാലാണ് ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങി കേസ് നടത്തുന്നത്.
ആയിരക്കണക്കിന് കേസുകളാണ് കോടതിയിൽ നിലനിൽക്കുന്നത്. ഈ കേസുകൾ തീർപ്പാക്കാൻ 2018ൽ പലിശയും പിഴയും ഒഴിവാക്കി സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചു. പിന്നീട് 2019ൽ 75 ശതമാനം അടച്ചാൽ മതിയെന്നായി പ്രഖ്യാപനം. 2020ൽ 40 ശതമാനം വരെ ഇളവ് അനുവദിച്ച് പല തവണ സമയം നീട്ടിനൽകി. നിലവിൽ 2021 ആഗസ്റ്റ് 31 വരെ ഓപ്ഷൻ നൽകാൻ സമയം നീട്ടിയിട്ടുണ്ട്.
വാറ്റ് കുടിശ്ശിക ഉദ്യോഗസ്ഥരുടെ ഊഹക്കണക്ക് മാത്രമാണെന്ന് കത്തിൽ ഉന്നയിച്ചു. ഒരു വ്യാപാരശാലയിൽ 10,000 രൂപയുടെ പിഴവ് കണ്ടെത്തിയാൽ അതിന് മുമ്പുള്ള മൂന്നുവർഷം ഇതേ രീതിയിെല വ്യാപാരമാണ് നടന്നതെന്ന് അനുമാനിച്ച് നികുതിയും പിഴയും പിഴപ്പലിശയും ഉൾപ്പെടെ ഒരു കോടി രൂപവരെ അടക്കാനാണ് ഡിമാൻഡ് നോട്ടീസുകൾ നൽകിയത്.
ജി.എസ്.ടി നിലവിൽ വന്നതിനുശേഷം നികുതി വരുമാനം കുറവാണെന്നത് ശരിയല്ല. വാറ്റ് കാലത്ത് 95 ശതമാനം സ്വർണവ്യാപാരികളും നികുതി കോമ്പൗണ്ടിങ്ങാണ് പിന്തുടർന്നത്. ഓരോ വർഷവും മുൻവർഷത്തെക്കാൾ 25 ശതമാനം കൂട്ടി നികുതി അടക്കാമെന്ന നിബന്ധനയും ഉണ്ടായിരുന്നു. ജി.എസ്.ടി നിയമത്തിൽ അനുമാന നികുതിയും കോമ്പൗണ്ടിങ് രീതിയുമില്ലാത്തതിനാൽ യഥാർഥ വിറ്റുവരവിൽ മാത്രമാണ് നികുതി അടക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.