തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വി.സി-സിൻഡിക്കേറ്റ് ഭിന്നതയെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തിങ്കളാഴ്ച നിശ്ചയിച്ച സമവായ യോഗം മാറ്റിവെച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദിന്റെകൂടി സാന്നിധ്യത്തിൽ പിന്നീട് സമവായ ചർച്ച നടത്താൻ ധാരണയായി.
സമവായ കമ്മിറ്റിയിൽ സിൻഡിക്കേറ്റ് യോഗ ധാരണക്ക് വിരുദ്ധമായി ഒരു സി.പി.എം അംഗത്തെക്കൂടി ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചും രജിസ്ട്രാർ തെറ്റായി മിനിറ്റ്സ് തയാറാക്കിയെന്ന് ചൂണ്ടിക്കാട്ടിയും മുസ്ലിം ലീഗ് അംഗം ഡോ. പി. റഷീദ് അഹമ്മദ് സമിതിയിൽനിന്ന് പിന്മാറിയിരുന്നു. കോൺഗ്രസ് അംഗം ടി.ജെ. മാർട്ടിൻ, ബി.ജെ.പി പ്രതിനിധി എ.കെ. അനുരാജ് എന്നിവർ രജിസ്ട്രാറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വി.സിക്ക് കത്തും നൽകി. തുടർന്ന് രജിസ്ട്രാറുടെ ഉത്തരവ് വി.സി റദ്ദാക്കുകയായിരുന്നു.
ചർച്ചചെയ്യേണ്ട അജണ്ടകൾ സിൻഡിക്കേറ്റ് തീരുമാനിക്കുമെന്നും ജീവനക്കാരുടെ സ്ഥലംമാറ്റം രജിസ്ട്രാറാണ് നടത്തേണ്ടതെന്നും സിൻഡിക്കേറ്റ് തീരുമാനങ്ങൾ നടപ്പാക്കുന്നതിന് വി.സിയുടെ അംഗീകാരം ആവശ്യമില്ലെന്നുമുള്ള പ്രമേയങ്ങൾക്ക് വി.സി അവതരണാനുമതി നിഷേധിച്ചതാണ് സി.പി.എം സിൻഡിക്കേറ്റ് അംഗങ്ങളും പ്രതിപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനിടയാക്കിയത്.
സർവകലാശാല നിയമങ്ങൾ മറികടന്നുള്ള ഒരു പ്രമേയവും അജണ്ടയും സിൻഡിക്കേറ്റ് യോഗത്തിൽ പരിഗണിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് വി.സി ഡോ. പി. രവീന്ദ്രൻ. സി.പി.എം സിൻഡിക്കേറ്റ് അംഗങ്ങളായ പി.കെ. കലീമുദ്ദീൻ, എൽ.ജി. ലിജീഷ്, പ്രതിപക്ഷത്തുനിന്ന് ടി.ജെ. മാർട്ടിൻ, എ.കെ. അനുരാജ് എന്നിവർ തിങ്കളാഴ്ചയിലെ കൂടിയാലോചനയിൽ പങ്കെടുത്തു.
അതിനിടെ പ്രധാനമന്ത്രി ഉച്ചതർ ശിക്ഷ അഭിയാൻ പദ്ധതിയിൽ നൂറു കോടി രൂപ സമയബന്ധിതമായി 15 മാസത്തിനകം വിനിയോഗിക്കേണ്ടതിനാൽ നിലവിലെ നടപടിക്രമങ്ങൾ ലഘൂകരിച്ച് പദ്ധതി പൂർത്തിയാക്കാനുള്ള വിദഗ്ധ സമിതി യോഗം തിങ്കളാഴ്ച ചേർന്നിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.