‘ബാർ അസോസിയേഷൻ വാർഷികത്തിനുള്ള ഭക്ഷണം മുഴുവൻ എസ്.എഫ്.ഐക്കാര്‍ കഴിച്ചു, സ്ത്രീകളെ അധിക്ഷേപിച്ചു, തുടര്‍ന്ന് കൂട്ട അടിയായി’ -എസ്.എഫ്.ഐക്കെതിരെ വി.ഡി. സതീശൻ

‘ബാർ അസോസിയേഷൻ വാർഷികത്തിനുള്ള ഭക്ഷണം മുഴുവൻ എസ്.എഫ്.ഐക്കാര്‍ കഴിച്ചു, സ്ത്രീകളെ അധിക്ഷേപിച്ചു, തുടര്‍ന്ന് കൂട്ട അടിയായി’ -എസ്.എഫ്.ഐക്കെതിരെ വി.ഡി. സതീശൻ

കാസർകോട്: സി.പി.എം സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ കേരളത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണം. ഇന്നലെ കേരള സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തേക്ക് വന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു. അവരെ രക്ഷിക്കാന്‍ എത്തിയ പൊലീസിനെയും മർദിച്ചു. ഇന്ന് പുലര്‍ച്ചെ എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവരുടെ വാര്‍ഷിക ആഘോഷത്തിന് തയാറാക്കി വച്ചിരുന്ന ഭക്ഷണം ഒരു സംഘം എസ്.എഫ്.ഐക്കാര്‍ മുഴുവന്‍ കഴിച്ച ശേഷം അവിടെയുണ്ടായിരുന്ന സ്ത്രീകളെ അധിക്ഷേപിച്ചു. വാര്‍ഷികം നടക്കുന്ന സ്ഥലത്തേക്ക് ഇരച്ചുകയറിയ സംഘം ബഹളമുണ്ടാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കൂട്ട അടിയായി. അഭിഭാഷകര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ ആശുപത്രിയിലാണ്. എറണാകുളത്ത് നടന്നത് രാഷ്ട്രീയ സംഘര്‍ഷമല്ല. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന അഭിഭാഷകരില്‍ സി.പി.എം അനുകൂല ലോയേഴ്‌സ് യൂണിയന്റെ നേതാക്കളുമുണ്ട്. എന്തൊരു സാമൂഹിക വിരുദ്ധ പ്രസ്ഥാനമാണ് എസ്.എഫ്.ഐ? -സതീശൻ ചോദിച്ചു.

‘തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലും കളമശേരിയില്‍ പോളിടെക്‌നിക്കിലും ഉള്‍പ്പെടെ എവിടെ മയക്കു മരുന്ന് പിടിച്ചാലും അതില്‍ എസ്.എഫ്.ഐക്കാരുണ്ടാകും. പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തിലും കോട്ടയത്ത് നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ ശരീരം കോമ്പസ് കൊണ്ട് കുത്തിക്കീറി ഫെവികോള്‍ ഒഴിച്ച സംഭവത്തിലും ഉള്‍പ്പെടെ എല്ലാ സമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഈ വിദ്യാര്‍ത്ഥി സംഘടനയാണ്. എസ്.എഫ്.ഐയെ സി.പി.എം കയറൂരി വിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ ലഹരി വ്യാപനത്തിന്റെ കണ്ണിയായി എസ്.എഫ്.ഐ മാറിയിരിക്കുകയാണ്. രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കി പുതിയൊരു തലമുറയെ സി.പി.എം ക്രിമിനലുകളാക്കി മാറ്റുകയാണ്. ഈ നടപടിയില്‍ നിന്നും സി.പി.എം ദയവു ചെയ്ത് പിന്മാറണം. സ്വന്തം സംഘടനയില്‍പ്പെട്ട വിദ്യാര്‍ത്ഥികളോട് നശിച്ചു പോകരുതെന്നും സി.പി.എം പറയണം’ -സതീശൻ ആവശ്യപ്പെട്ടു.

‘സംഘ്പരിവാര്‍ ഫാസിസ്റ്റ് സംഘടന, എല്ലാവരും ചേര്‍ന്ന് എതിര്‍ക്കണം’

പാലക്കാട് നഗരസഭയുടെ കെട്ടിടത്തിന് ആര്‍.എസ്.എസ് നേതാവിന്റെ പേരിടുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ശക്തിയായി പ്രതികരിക്കുമെന്ന് സതീശൻ വ്യക്തമാക്കി. അഹമ്മദാബാദ് ഉള്‍പ്പെടെ എല്ലായിടത്തും ഇതാണ് നടക്കുന്നത്. അഹമ്മദാബാദില്‍ ഗാന്ധിജിയുടെ സ്മാരകത്തേക്കാള്‍ ബി.ജെ.പി കൂടുതല്‍ സംരക്ഷിക്കുന്നത് സവര്‍ക്കര്‍ കിടന്ന ജയിലിനെയാണ്. ചരിത്രം തിരുത്തി എഴുതാന്‍ ശ്രമിക്കുകയും സ്വാതന്ത്ര്യ സമരത്തെ പിന്നില്‍ നിന്ന് കുത്തിയ അഞ്ചാപത്തികളെ രാഷ്ട്രനേതാക്കളായി ആദരിക്കുകയും ചെയ്യുന്ന സംഘടനയാണ് സംഘ്പരിവാര്‍. ഈ ഫാസിസ്റ്റ് സംഘടനയെ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കണം. എന്നാല്‍ അവര്‍ ഫാസിസ്റ്റും നവഫാസിസ്റ്റും അല്ലെന്നു പറഞ്ഞ് സി.പി.എം അവരെ വെള്ള പൂശാന്‍ ശ്രമിക്കുന്നത് ശരിയല്ല.

‘പുനസംഘടന സംബന്ധിച്ച തീരുമാനം ഉചിതസമയത്ത്’

കോണ്‍ഗ്രസ് പുനസംഘടന സംബന്ധിച്ച തീരുമാനം ഉചിതമായ സമയത്ത് ദേശീയ നേതൃത്വം കൈക്കൊള്ളും. നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയും കെ.പി.സി.സി അധ്യക്ഷനെയും ദയവു ചെയ്ത് മാധ്യമങ്ങള്‍ തീരുമാനിക്കരുത്. അതിനുള്ള അവകാശമെങ്കിലും ഞങ്ങള്‍ക്ക് തരണം.

ലഹരി മരുന്നിന് എതിരെ അതിശക്തമായ പോരാട്ടം തുടരുമെന്നു പറഞ്ഞ് ആഞ്ഞടിച്ച മുഖ്യമന്ത്രിയാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് ഒന്നാം തീയതിയും മദ്യം വിളമ്പാനുള്ള തീരുമാനം എടുത്തത്. എന്തൊരു കാപട്യമാണിത്? കള്ളിനൊപ്പം ജവാന്‍ കൂടി പ്രോത്സാഹിപ്പിക്കുമെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത് -സതീശൻ പറഞ്ഞു. 

Tags:    
News Summary - VD satheesan against sfi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.