VD Satheesan, KM Abraham, Pinarayi Vijayan

മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് ഫോൺ ചോർത്താൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആര് അനുവാദം നൽകി -വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന്​ രാഷ്​ട്രീയ നേതാക്കളുടെ ഫോൺ ചോർത്താൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിന് ആരാണ് അനുവാദം കൊടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്‍റെ കൈയിൽ 10000 സെക്കൻഡ്​​ കാൾ റെക്കോഡുണ്ടെന്നു​ കാട്ടിയാണ്​ കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക്​ കത്തെഴുതിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്​ വളരെ ഗൗരവതരമാണ്​. മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നു എന്നതിനർഥം. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ഫോൺ ചോർത്തൽ നടന്നതെന്നാണെന്നും ഇത്​ നാണക്കേടാണെന്നും സതീശൻ പറഞ്ഞു.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ജോമോൻ പുത്തൻപുരക്കലിന്‍റെ പരാതിയിലാണ് കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. കൊച്ചി സി.ബി.ഐ യൂനിറ്റിനോട് കേസ് ഏറ്റെടുക്കാൻ ഹൈകോടതി നിർദേശം നൽകുകയായിരുന്നു.

ഹൈകോടതി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഗൂഢാലോചന നടന്നുവെന്നും ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നൽകി. താൻ ധനവകുപ്പ് സെക്രട്ടറി ആയിരിക്കെ അഴിമതി കണ്ടെത്തിയ പൊതുമേഖലാ സ്ഥാപനത്തിന്‍റെ തലപ്പത്ത്​ ഉണ്ടായിരുന്ന രണ്ടു പേരാണ് പരാതിക്കാരൻ ജോമോൻ പുത്തൻപുരക്കലിനൊപ്പം ഗൂഢാലോചനക്ക് പിന്നിൽ. 2015 മുതൽ ഗൂഢാലോചന നടത്തി വരികയാണ്.

മൂന്നു പേരും സംസാരിച്ചതിന്‍റെ കോൾ റെക്കോർഡ് രേഖ തന്‍റെ പക്കലുണ്ടെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. ഒരാളുമായി പതിനായിരത്തോളം സെക്കന്‍റും മറ്റൊരാളുമായി നാലായിരം സെക്കന്‍റും ജോമോൻ സംസാരിച്ചിട്ടുണ്ട്. തനിക്കെതിരെ വിജിലൻസിൽ പരാതി സമർപ്പിക്കുന്നതിന് മുമ്പും മൂവരും തമ്മിൽ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

തനിക്കെതിരായ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിനെ അപകീർത്തിപ്പെടുത്താനാണ്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെ.എം. എബ്രഹാം പരാതിയിൽ പറയുന്നു.

2015ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ കെ.എം. എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ജോമോന്‍റെ പരാതി. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ സംസ്ഥാന വിജിലൻസ് കെ.എം. എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. അന്ന് എബ്രഹാമിന്‍റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു.

Tags:    
News Summary - VD Satheesan attack KM Abraham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.