കൊച്ചി: റോഡിലെ കുഴികള്‍ അടക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അപ്പോള്‍ 322 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ പണം അനുവദിച്ചാല്‍ മാത്രം പോര മഴക്ക് മുന്‍പുള്ള അറ്റകുറ്റപ്പണി നടന്നിട്ടില്ലെന്നുമാണ് ചൂണ്ടിക്കാട്ടിയതെന്നും സതീശൻ പറഞ്ഞു.
അദ്ദേഹത്തിന്റെ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണം. എന്നാല്‍, എന്റെ മനസിലാണ് കുഴിയെന്നും ഞാന്‍ ജയിലില്‍ പോയിട്ടില്ലെന്നും കൊതുക് കടി കൊണ്ടിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. റോഡിലെ കുഴിയെ കുറിച്ച് പറഞ്ഞപ്പോഴാണ് മന്ത്രി കൊതുകടിയെ കുറിച്ചും ജയിലില്‍ പോയതിനെ കുറിച്ചുമൊക്കെ പറഞ്ഞതെന്നും സതീശൻ വ്യക്തമാക്കി.
പൊതുമരാമത്ത് മന്ത്രിയെ ആരും വിമര്‍ശിക്കാന്‍ പാടില്ല. അദ്ദഹത്തിന് പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രത്യേക പ്രിവിലേജുണ്ട്. ഇത്തരത്തില്‍ പ്രിവിലേജുള്ള ആളുകള്‍ക്ക് ചുറ്റും സ്തുതിപാഠകരുണ്ടാകും. സ്തുതിപാഠക സംഘങ്ങളുടെ നടുവില്‍ നില്‍ക്കുന്നതിനാല്‍ വിമര്‍ശനം സഹിക്കാനാകില്ല. മന്ത്രിമാര്‍ വഴിയില്‍ തൂക്കിയിട്ട ചെണ്ടയാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മന്ത്രിമാര്‍ മാത്രമല്ല പ്രതിപക്ഷ നേതാവും വിമര്‍ശിക്കപ്പെടും.
വഴിയില്‍ കെട്ടിത്തൂക്കിയ ചെണ്ടയാണെന്ന് മന്ത്രിമാര്‍ക്ക് തന്നെ തോന്നിയാല്‍ ഒന്നും ചെയ്യാനില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയെന്നത് പ്രതിപക്ഷ ധര്‍മ്മമാണ്. റോഡില്‍ മുഴുവന്‍ കുഴിയാണെന്ന് പറയുമ്പോള്‍ അടക്കാന്‍ ശ്രമിക്കാം എന്നല്ലേ മന്ത്രി പറയേണ്ടത്. അതിന് പകരം പ്രതിപക്ഷ നേതാവിന്റെ മേല്‍ കുതിര കയറിയിട്ട് കാര്യമില്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പൊതുമരാമത്ത് മന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.