‘സിൽവർലൈൻ അട്ടിമറിക്കാൻ വി.ഡി. സതീശൻ 150 കോടി കൈപ്പറ്റി; കിട്ടിയ ഓഫർ മുഖ്യമന്ത്രി പദം’; ഗുരുതര ആരോപണവുമായി പി.വി. അൻവർ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ ഇതര സംസ്ഥാനങ്ങളിലെ ഐ.ടി കമ്പനികളിൽനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 150 കോടിരൂപ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണവുമായി പി.വി. അൻവർ എം.എൽ.എ. കണ്ടെയ്നർ ലോറികളിൽ 50 കോടി രൂപ വീതം മൂന്നു ഘട്ടങ്ങളിലായാണ് തൃശൂർ ചാവക്കാടിന് അടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചതെന്നും അവിടെനിന്ന് രണ്ട് ആംബുലൻസുകളിലായി വി.ഡി. സതീശന്റെ സുഹൃത്തുകളുടെ കൈയിലെത്തിയെന്നും കർണാടകയിൽ ഈ പണം നിക്ഷേപിച്ചെന്നും അൻവർ നിയമസഭയിൽ ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകൾ പരിശോധിക്കണമെന്നും മാസത്തിൽ മൂന്ന് തവണയെങ്കിലും അദ്ദേഹം ബംഗളൂരുവിൽ പോയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.


Full View

പദ്ധതി നടപ്പായിരുന്നെങ്കിൽ കേരളം രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമായിരുന്നു. കേരളത്തില്‍ അടിസ്ഥാന സൗകര്യം വർധിച്ചാൽ കർണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഐ.ടി മേഖലയിലെ അടിസ്ഥാന സൗകര്യം പാഴാകും. വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് അവർ മനസ്സിലാക്കിയതോടെ കോൺഗ്രസിനെ കൂടെനിർത്തി സിൽവർലൈൻ പദ്ധതിയെ എതിർത്തു. പദ്ധതി മുടക്കാനുള്ള ദൗത്യം വി.ഡി. സതീശനെ ഏൽപ്പിക്കുകയായിരുന്നെന്നും അദ്ദേഹത്തിന് കിട്ടിയ ഓഫർ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നെന്നും അൻവർ കൂട്ടിച്ചേർത്തു. 

Full View


പി.വി.അൻവർ നിയമസഭയിൽ പറഞ്ഞത്:

കെ–റെയിൽ ഇടതു സർക്കാരിന്റെ പ്രധാന പദ്ധതിയാണ്. പദ്ധതി നടപ്പായിരുന്നെങ്കിൽ കേരളം രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമായിരുന്നു. അഞ്ച് വർഷം കൊണ്ട് 25 വർഷത്തെ പുരോഗതി ലഭിക്കുമായിരുന്നു. പദ്ധതി അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നു.

ഭൂമിയുടെ ലഭ്യതക്കുറവാണ് കേരളത്തിലെ യാത്രാപ്രശ്നത്തിന് കാരണം. ഇതിനെ മറികടക്കാനാണ് സില്‍വർലൈൻ പദ്ധതിയുമായി സർക്കാര്‍ മുന്നോട്ടു പോയത്. ഒന്നാംഘട്ടത്തിൽ കാര്യമായ എതിർപ്പ് പ്രതിപക്ഷം പ്രകടിപ്പിച്ചില്ല. ഭൂവുടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യമാണ് അവർ ഉന്നയിച്ചിരുന്നത്. പിന്നീട് ഒരു കാരണവശാലും പദ്ധതി നടപ്പാക്കാൻ സമ്മതിക്കില്ല എന്ന നിലപാട് സ്വീകരിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പദ്ധതിയെ ഭീകരരൂപിയായി അവതരിപ്പിച്ചു. അതിൽ പ്രധാന പങ്ക് വി.ഡി. സതീശനായിരുന്നു. കേരളത്തില്‍ അടിസ്ഥാന സൗകര്യം വർധിച്ചാൽ കർണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഐ.ടി മേഖലയിലെ അടിസ്ഥാന സൗകര്യം പാഴാകും. വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് അവർ മനസ്സിലാക്കി. അവർ കോൺഗ്രസിനെ കൂടെനിർത്തി സിൽവർലൈൻ പദ്ധതിയെ എതിർത്തു.

ആ കൊടുംചതി ചെയ്യുന്നതിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കോര്‍പറേറ്റ് കമ്പനികള്‍ ഗൂഢാലോചന നടത്തി. ദൗത്യത്തിന്റെ ഉത്തരവാദിത്തം കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. സതീശന് കിട്ടിയ ഓഫർ കേരളത്തിന്റെ മുഖ്യമന്ത്രി പദമായിരുന്നു. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ തോൽപ്പിക്കാൻ എത്ര പണം ചെലവഴിക്കാനും ഐ.ടി കമ്പനികള്‍ തയാറായിരുന്നു. 150 കോടി രൂപ ഇലക്ഷൻ ഫണ്ടായി വി.ഡി. സതീശന്റെ കൈയിലെത്തി.

ശീതീകരിച്ച മത്സ്യം കൊണ്ടുവരുന്ന കണ്ടെയ്‌നര്‍ ലോറികളിലൂടെ മൂന്ന് ഘട്ടങ്ങളിലായി 50 കോടി വീതമാണ് പണം തൃശൂർ ചാവക്കാടിന് അടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചത്. അവിടെനിന്നും രണ്ട് ആംബുലൻസുകളിലായി പണം വി.ഡി. സതീശന്റെ സുഹൃത്തുകളുടെ കൈയിലെത്തി. ഈ പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി നേതാക്കള്‍ക്ക് നല്‍കുകയോ കേരളത്തില്‍ ചെലവഴിക്കുകയോ അല്ല, പകരം കര്‍ണാടകയിൽ നിക്ഷേപിച്ചു. പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകൾ പരിശോധിക്കണം. മാസത്തിൽ മൂന്ന് തവണയെങ്കിലും അദ്ദേഹം ബംഗളൂരുവിൽ പോയിട്ടുണ്ട്. കെ.പി.സി.സിയുടെ ഔദാര്യം ഇല്ലാതെതന്നെ തെരഞ്ഞെടുപ്പ് താന്‍ നടത്തും എന്ന് വി.ഡി. സതീശന്‍ പറഞ്ഞത് ഈ പണം കൈയിലുള്ള ധൈര്യത്തിലാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടടക്കം കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും മാപ്പര്‍ഹിക്കാത്ത കൊടും പാപമാണ് സതീശന്‍ ചെയ്തത്.

Tags:    
News Summary - V.D. Satheesan received 150 crores to stop Silverline, Chief Minister post offered'; PV Anwar with serious allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.