മറഞ്ഞത് യു.ഡി.എഫ് തറവാടിന്റെ ആത്മീയ ചൈതന്യം

കേരളത്തിലെ ജനാധിപത്യ മതേതര മനസുകളെ വേദനിപ്പിക്കുന്ന വിയോഗമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേത്. യു.ഡി.എഫ് തറവാട്ടിലെ കാരണവര്‍... മുന്നണിയെ ഒറ്റക്കെട്ടായി മുന്നില്‍ നിന്ന് നയിച്ച വ്യക്തിത്വം. മൃദുഭാഷിയായിരുന്നെങ്കിലും കാര്‍ക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു ഹൈദരലി തങ്ങളുടേത്. നിര്‍ണായക രാഷ്ട്രീയ ഘട്ടങ്ങളില്‍ യു.ഡി.എഫിനെയും മുസ്ലിം ലീഗിനെയും കാലഘട്ടം ആവശ്യപ്പെട്ട തരത്തില്‍ നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. യു.ഡി.എഫ് രാഷ്ട്രീയത്തെ മുന്നില്‍ നിന്നു നയിച്ച അദ്ദേഹം, എന്നും മതസാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി പ്രവര്‍ത്തിച്ചു. ഫാഷിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന ഈ വലിയ മനുഷ്യന്‍ കടന്നുപോകുന്നത് തീരാനഷ്ടമാണ്.

'യു.ഡി.എഫ് ശക്തിപ്പെടുത്താനാണ് എല്ലാക്കാലത്തും ലീഗ് ശ്രമിച്ചിട്ടുള്ളത്. അതുതന്നെയാണ് ഇപ്പോഴത്തെ ലക്ഷ്യവും. കോണ്‍ഗ്രസുമായുള്ള ബന്ധം കുടുംബ ബന്ധം പോലെ തന്നെയാണ്'- 2009ല്‍ ലീഗ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ പറഞ്ഞ വാക്കുകളാണിത്. ലീഗ് അധ്യക്ഷ സ്ഥാനത്തിരുന്ന 12 വര്‍ഷവും അദ്ദേഹത്തിന് ഇതേ നിലപാട് തന്നെയായിരുന്നു. രാഷ്ട്രീയത്തിനൊപ്പം മത സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു തങ്ങള്‍. മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടക്കലര്‍ത്തില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതേസമയം മതത്തിലെ നല്ല വശങ്ങള്‍ രാഷ്ട്രീയത്തിലും പ്രയോജനപ്പെടുത്തുമെന്നും അത് അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നുമുള്ള നിര്‍ബന്ധം കണിശതയോടെ പാലിക്കാന്‍ തങ്ങള്‍ക്കായി.

ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിനും അപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തങ്ങള്‍ ശ്രദ്ധ വച്ചു. പാവപ്പെട്ടവന്റെ ദുഃഖം സ്വന്തം ദുഃഖമായി കണ്ട്, സ്‌നേഹ, സാഹോദര്യങ്ങള്‍ പകര്‍ന്നു നല്‍കിയ വ്യക്തിത്വമായിരുന്നു തങ്ങള്‍. നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അഗതി അനാഥ മന്ദിരങ്ങളുടേയും സംഘടനകളുടേയും അധ്യക്ഷനും അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു. ഇതിനൊപ്പം എക്കാലത്തും ഉദാത്തമായ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹത്തിന് സാധിച്ചു.


ഏഴര പതിറ്റാണ്ടിലധികം മതേതരത്വത്തിന്റേയും മാനവികതയുടേയും വെളിച്ചം പകര്‍ന്ന വിളക്കാണ് അണഞ്ഞത്. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയം കറങ്ങിത്തിരിഞ്ഞ പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ നാഥന്‍. മത രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള കടന്നു വരവിനെ ദൈവീകമായ അനുഗ്രഹമായാണ് ഹൈദരലി ശിഹാബ് തങ്ങള്‍ കണ്ടത്. ഉറച്ച വിശ്വാസമാണ് പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ തങ്ങള്‍ക്ക് കരുത്തായതും. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ തന്റേതു കൂടിയായി കണ്ട ഹൃദയവിശാലത. മനുഷിക വിഷയങ്ങളില്‍ ഹൃദയം കൊണ്ടാണ് ശിഹാബ് തങ്ങള്‍ സംസാരിച്ചത്.

പ്രവര്‍ത്തന ശൈലിയിലും പ്രസംഗത്തിലുമൊക്കെ തന്റേതായ ഒരു കൈയ്യൊപ്പ് തങ്ങള്‍ക്കുണ്ടായിരുന്നു. പറയാനുള്ളതെല്ലാം സൗമ്യതയോടെ എന്നാല്‍ കണിശമായി പറഞ്ഞുവെക്കാന്‍ അദ്ദേഹത്തിന് വല്ലാത്തൊരു വൈഭവമുണ്ടായിരുന്നു. നിത്യേന നിരവധി പേരാണ് തങ്ങളെ കാണാന്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലേക്കെത്തിയിരുന്നത്. എല്ലാവരെയും സൗമ്യതയോടെ സ്വീകരിക്കാന്‍ തങ്ങള്‍ എപ്പോഴും ആ വരാന്തയിലുണ്ടാകുമായിരുന്നു.

ജീവിതത്തിലെ എന്തു പ്രതിസന്ധിയിലും പലര്‍ക്കും അത്താണിയും അവസാനവാക്കുമായിരുന്നു ഈ മനുഷ്യന്‍. പാവങ്ങളെ സഹായിക്കുന്നതിനു വേണ്ടി ഭവന നിര്‍മ്മാണ പദ്ധതിയുള്‍പ്പെടെ നിരവധി ആശയങ്ങളാണ് തങ്ങള്‍ നടപ്പിലാക്കിയത്. മതത്തിനതീതമാണ് മുസ്ലിം ലീഗിന്റെ റിലീഫ് പ്രവര്‍ത്തനമെന്ന അഭിപ്രായമാണ് തങ്ങള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. മതത്തിന് അതീതമായി മാനവികമായ അംശങ്ങള്‍ക്കുതന്നെയാണ് മുന്‍തൂക്കം നല്‍കിയതും. നോമ്പ്കാലത്ത് പൂര്‍ണമായും റിലീഫ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദേശമാണ് തങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നതും. അതുകൊണ്ടുതന്നെ സമുദായത്തിനും ഐക്യമുന്നണിക്കും പൊതുസമൂഹത്തിനും ഈ വിയോഗം വലിയൊരു നഷ്ടമാണ്.

വ്യക്തിപരമായി എനിക്കുണ്ടാക്കിയ നഷ്ടവും ഏറെ വലുതാണ്. എനിക്ക് പകര്‍ന്നു നല്‍കിയ സ്‌നേഹവും വാത്സല്യവും അളവില്ലാത്തതാണ്. കൃത്യമായ ഉപദേശവും നിര്‍ദേശങ്ങളും നല്‍കിയിരുന്നു. കേരളീയ സമൂഹത്തിന് മുന്നില്‍ ഒരു ശൂന്യത സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ വിയോഗം. ഫാഷിസവും വര്‍ഗീയതയും വിഭാഗീയതും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന പരീക്ഷണഘട്ടത്തില്‍ കലര്‍പ്പില്ലാത്ത മതേതരത്വ നിലപാടുകള്‍ മുസ്ലിം ലീഗ് ഉയര്‍ത്തി പിടിക്കുമ്പോള്‍ അതിന്റെ ഊര്‍ജ സ്രോതസായിരുന്നു ഹൈദരലി തങ്ങള്‍.

സൗമ്യമായി, ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം നിലപാടുകള്‍ പറഞ്ഞു. അവിടെ മൃദുഭാക്ഷിയായ ഒരു കുറിയ മനുഷ്യന്റെ നിലപാടുകളിലെ കാര്‍ക്കശ്യം തെളിഞ്ഞ് കാണാം. ശരിക്കൊപ്പം എന്നും നിന്ന ആ വലിയ മനുഷ്യന്‍ കടന്നുപോകുന്നത് തീരാനഷ്ടമാണ്. ആ വിയോഗം കേരളത്തെ വേദനിപ്പിക്കുന്നു. കേരളീയ പൊതു സമൂഹത്തില്‍ ഒരു ശൂന്യത അവശേഷിപ്പിച്ച് ഹൈദരലി ശിഹാബ് തങ്ങള്‍ തിരിഞ്ഞു നടക്കുന്നു. പിന്നിട്ട വഴികളിലൂടെ ഇനിയൊരു മടക്കമില്ലാത്ത അവസാന യാത്ര. ഗുരുസ്ഥാനീയനായ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പ്രണാമം. ആത്മശാന്തിക്കായി പ്രാർഥിക്കുന്നു.

Tags:    
News Summary - V.D. Satheesan remembering Panakkad Hyderali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.