പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് ഇത്രയും കാലതാമസമുണ്ടായിട്ടുള്ള കാലഘട്ടമുണ്ടായിട്ടില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് ഇത്രയും കാലതാമസമുണ്ടായിട്ടുള്ള കാലഘട്ടമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ ധനാഭ്യര്‍ത്ഥനയെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ടൊക്കെ ഇത് മുന്‍ഗണനയായിരുന്നു. ഇപ്പോള്‍ നിങ്ങളുടെ മുന്‍ഗണന ഇതൊന്നുമല്ല. തുലാവര്‍ഷ ചെളിയില്‍ കേരളീയവും നവകേരള സദസും നടത്തുകയായിരുന്നു.

ഈ സർക്കാർ വലതുപക്ഷ ചിന്തയിലേക്കാണ് പോകുന്നത്. കേരളത്തിന്റെ മുന്‍ഗണനകളില്‍ നിന്നും മാറി നിങ്ങള്‍ മറ്റൊരു വഴിക്ക് പോകുകയാണ്. ഇടത് സര്‍ക്കാര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത മുന്‍ഗണനകളിലേക്കാണ് നിങ്ങള്‍ പോകുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

ആറ് മാസമായി പെന്‍ഷന്‍ വിതരണം ചെയ്യുന്നില്ല. അഗതികളും വിധവകളും ഭിന്നശേഷിക്കാരുമായ 55 ലക്ഷം പേര്‍ക്കാണ് നിങ്ങള്‍ പെന്‍ഷന്‍ കൊടുക്കാതിരുന്നത്. പാവങ്ങള്‍ക്കല്ലേ നിങ്ങള്‍ പെന്‍ഷന്‍ നല്‍കാത്തത്. ക്ഷേമനിധി പെന്‍ഷന്‍ നല്‍കാനുള്ളത് 45 ലക്ഷം പേര്‍ക്കാണ്. ഇനി ഏത് ക്ഷേമനിധിയാണ് ബാക്കിയുള്ളത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളി പെന്‍ഷന്‍ മുടങ്ങിയിട്ട് 16 മാസമായി. അംഗന്‍വാടി, തയ്യല്‍ത്തൊഴിലാളി ഉള്‍പ്പെടെ എല്ലാ ക്ഷേമനിധികളും തകര്‍ന്ന് തരിപ്പണമായി.

ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ കാരുണ്യ കാര്‍ഡ് എടുക്കുമോ? എത്ര കോടി രൂപയാണ് നല്‍കാനുള്ളത്? പെന്‍ഷന്‍കാര്‍ക്ക് 19 ശതമാനം ഡി.എ കുടിശിക നല്‍കാനുണ്ട്. പെന്‍ഷകാര്‍ക്ക് പെന്‍ഷന്‍ കുടിശികയും നല്‍കാനുണ്ട്. അടുത്ത ശമ്പള കമ്മീഷ ശിപാര്‍ശകള്‍ നടപ്പാക്കേണ്ടത് ജൂണ്‍ ഒന്നു മുതലാണ്. 40000 കോടിയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. സപ്ലൈകോയില്‍ അവശ്യ സാധനങ്ങള്‍ പോലുമില്ല.

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് മരുന്ന് വിതരണം ചെയ്യാന്‍ പറ്റുന്നുണ്ടോ? യു.ഡി.എഫ് ഇറങ്ങുമ്പോള്‍ 1154 കോടിയുടെ മാത്രം നഷ്ടമുണ്ടായിരുന്ന കെ.എസ്.ഇ.ബി ഇന്ന് 40000 കോടിയുടെ നഷ്ടത്തിലാണ്. യൂണിറ്റിന് 4 രൂപ 29 പൈസക്ക് 25 വര്‍ഷത്തേക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ വൈദ്യുത കരാര്‍ റദ്ദാക്കിയ നിങ്ങള്‍ 8 മുതല്‍ 12 രൂപവരെ മുടക്കിയാണ് നിങ്ങള്‍ വൈദ്യുതി വാങ്ങിയത്.

ഇവിടെ ആരാണ് ഭരിക്കുന്നത്. ഇവിടെ ഒരു ഭരണമുണ്ടോ? ഏത് വിഷയമാണ് നിങ്ങള്‍ അഡ്രസ് ചെയ്തത്. കാര്‍ഷിക മേഖലയില്‍ വരുമാന വര്‍ധനവുണ്ടാക്കുമെന്നും റബറിന് 250 രൂപയാക്കുമെന്നുമാണ് പറഞ്ഞത്. എന്നിട്ട് 250 ആക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി. ഏതെങ്കിലും ഒരു കര്‍ഷകന്റെ വരുമാനം കുറഞ്ഞതല്ലാതെ കൂടിയോ? വന്യജീവി ശല്യത്തില്‍ വനാതിര്‍ത്തികളിലെ ജനങ്ങള്‍ ഭീതിയിലായിട്ടും പരിഹരിക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ എന്തെങ്കിലും ആലോചിച്ചോ? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള സംസ്ഥാനമാണ് കേരളം. 31 ശതമാനം.

തീരപ്രദേശത്തെ ജനങ്ങള്‍ വറുതിയിലാണ്. ഭവന നിർമാണ പദ്ധതികളൊക്കെ ലൈഫില്‍ ഉള്‍പ്പെടുത്തിയതോടെ മത്സ്യത്തൊഴിലാളികളുടെയും പട്ടിക ജാതി പട്ടിക വര്‍ഗ വിഭഗങ്ങളുടെയും ഭവന പദ്ധതികളൊക്കെ പൊളിഞ്ഞു. അതത് വകുപ്പുകള്‍ ഉണ്ടാക്കിയിരുന്ന വീടിന്റെ പകുതി എണ്ണം പോലും ഉണ്ടാക്കാന്‍ ലൈഫ് വഴി പറ്റുന്നുണ്ടോ? തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിങ്ങള്‍ പദ്ധതി വിഹിതം നല്‍കാറുണ്ടോ? ഒരു ഗഡു മാത്രം നല്‍കി തദ്ദേശ സ്ഥാപനങ്ങളെ നിങ്ങള്‍ കഴുത്ത് ഞെരിച്ചു കൊന്നു.

അതിരൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം പോകുന്നത്. വരുമാനം വര്‍ധിപ്പിച്ച് ചെലവ് ചുരുക്കി അതിനെ മറികടക്കാനുള്ള എന്തെങ്കിലും നടപടിയുണ്ടോ? ഐ.ജി.എസ്.ടിയില്‍ നിന്നും 25000 കോടി നഷ്ടമായിട്ടും തിരിച്ചുപിടിക്കാന്‍ സാധിച്ചു. നിലവില്‍ 30000 കോടിയാണ് ഐ.ജി.എസ്.ടി പൂളില്‍ കിടക്കുന്നത്. കിട്ടാനുള്ള എന്തെങ്കിലും നടപടി എടുത്തോ? ജി.എസ്.ടി ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ല. പണം പിരിച്ചെടുക്കാനുള്ള ഒരു നടപടിയുമില്ല. കിഫ്ബി ഇപ്പോള്‍ എവിടെ പോയി? നിങ്ങള്‍ ഉണ്ടാക്കിയ പെന്‍ഷന്‍ ഫണ്ട് എവിടെ?

പഴയ ധനകാര്യ മന്ത്രി ഇപ്പോഴത്തെ ധനകാര്യ മന്ത്രിക്ക് വലിയ പണി തന്നിട്ടാണ് പോയത്. ഭരണം മാറിയാല്‍ യു.ഡി.എഫിന്റെ തലയില്‍ ഇരിക്കുമെന്ന് കരുതിയാണ് അന്ന് അങ്ങനെ ചെയ്തത്. പക്ഷെ ബാധ്യതകളൊക്കെ നിങ്ങളുടെ തലയില്‍ തന്നെ വന്നു. കിഫ്ബി ബജറ്റിന്റെ അകത്താകുമെന്നും ബാധ്യതയാകുമെന്നും പ്രതിപക്ഷം അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇപ്പോള്‍ കിഫ്ബി ഉണ്ടാക്കിയ ബാധ്യതയില്‍ നിങ്ങള്‍ കഷ്ടപ്പെടുകയാണ്. 58000 കോടി കേന്ദ്രത്തില്‍ നിന്നും കിട്ടാനുണ്ടെന്ന് നവകേരള സദസില്‍ പ്രസംഗിച്ചു നടന്നു. എന്നിട്ട് സുപ്രീം കോടതിയില്‍ നല്‍കിയ പെറ്റിഷനില്‍ ഈ തുകയെ കുറിച്ച് ഒന്നും പറയുന്നില്ല. അങ്ങനെ ഒരു സംഭവമെ ഇല്ല.

നമൊക്കൊരു പ്ലാനും സമീപനവുമൊക്കെ വേണം. പക്ഷെ നിങ്ങള്‍ അതൊന്നും ചെയ്യുന്നില്ല. കേരളം കണ്ട ഏറ്റവും കാര്യപ്രാപ്തിയില്ലാത്ത സര്‍ക്കാരാണ് ഇതെന്ന് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് പറഞ്ഞു. ഓരോ വകുപ്പും എടുത്ത് ഞങ്ങള്‍ സംസാരിച്ചു. അദ്ഭുതങ്ങള്‍ ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചാലും അതിനുള്ള പണമില്ല. നിങ്ങള്‍ പ്രോഗ്രസ് റിപ്പോര്‍ട്ടൊക്കെ നല്‍കി ആളുകളെ ചിരിപ്പിക്കും. ഇങ്ങനെ ചിരിപ്പിച്ച് ചിരിപ്പിച്ച് മണ്ണ് കപ്പിക്കരുതെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan said that there has never been such a delay in benefits for Scheduled Castes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.