സിദ്ധാർഥന്റെ മരണത്തിലുള്ള സി.ബി.ഐ അന്വേഷണം പ്രതിപക്ഷ പോരാട്ടത്തിന്റെ വിജയമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സിദ്ധാർഥന്റെ മരണത്തിലുള്ള സി.ബി.ഐ അന്വേഷണം പ്രതിപക്ഷ പോരാട്ടത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു സിദ്ധാർഥന്റേത്. മരണകാരണമായേക്കാവുന്ന ഗുരുതര മുറിവുകള്‍ ശരീരത്തില്‍ ഉണ്ടെന്നറിഞ്ഞിട്ടും പ്രതികളെ രക്ഷിക്കാന്‍ പൊലീസ് അത് മൂടിവച്ചു.

കൊന്ന് കെട്ടിത്തൂക്കിയതും പിന്നീട് മൃതദേഹം അഴിച്ച് ആശുപത്രിയില്‍ എത്തിച്ചതും പ്രതികളാണ്. സി.പി.എമ്മാണ് പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ക്കാന്‍ ക്രിമിനലുകളെ വിട്ട വയനാട്ടിലെ സി.പി.എം നേതൃത്വമാണ് സിദ്ധാർഥന്റെ കൊലയാളികളെയും സംരക്ഷിച്ചത്.

യാഥാർഥ്യം മൂടി വെക്കാനും ഭരണകക്ഷി പ്രതികളെ സംരക്ഷിക്കാനും ശ്രമം നടത്തിയതോടെയാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ എം.പി എന്നിവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. അമ്മമാരുടെ ഭീതിയില്‍ നിന്നും ചെറുപ്പക്കാരുടെ രോഷത്തില്‍ നിന്നും വിദ്യാർഥികളുടെ അമര്‍ഷത്തില്‍ നിന്നുമാണ് ഈ സമരം ആരംഭിച്ചത്.

സിദ്ധാർഥിന്റെ കുടുംബവുമായി പ്രതിപക്ഷം നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇന്ന് മുഖ്യമന്ത്രിസിദ്ധാർഥിന്റെ പിതാവിന് സി.ബി.ഐ അന്വേഷണം ഉറപ്പ് നല്‍കിയിട്ടുണ്ട്. സി.ബി.ഐ അന്വേഷിക്കുമെന്ന ഉറപ്പ് കിട്ടിയ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന് സിദ്ധാർഥിന്റെ പിതാവും ആവശ്യപ്പെട്ടു. പോരാട്ടത്തിന്റെ ഫലമായാണ് ബലം പിടിച്ചു നിന്ന മുഖ്യമന്ത്രി ഒടുവില്‍ സി.ബി.ഐ അന്വേഷണത്തിന് തയാറായത്. സിദ്ധാർഥന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ സമരം നടത്തും.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പോരാട്ടം വിജയിച്ചു എന്ന അഭിമാനബോധത്തോടെ തന്നെയാണ് കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ ആറ് ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നത്. സി.പി.എമ്മിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ നിലക്ക് നിര്‍ത്താനുള്ള പോരാട്ടങ്ങള്‍ക്കുള്ള ഊർജമാണ് ഈ സമര വിജയം. മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം ക്രിമിനലുകള്‍ അഴിഞ്ഞാടുന്നതും സിദ്ധാർഥന്റെ കൊലപാതകവും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയുടെ നടത്തുന്ന കിരാത പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു.ഡി.എഫ് ജനങ്ങളോട് പറയും. ഇവര്‍ക്കുള്ള മറുപടി ജനം നൽകുമെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - VD Satheesan says CBI investigation into Siddharth's death is a victory for the opposition.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.