ബി.ജെ.പിക്ക് മെമ്പർഷിപ്പിന്‍റെ കാശ് കിട്ടും; പത്മജയെ പരിഹസിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്‍റെ ബി.ജെ.പി പ്രവേശനത്തെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്മജക്ക് കോണ്‍ഗ്രസിൽ നിന്ന് ഒരുപാട് പരിരക്ഷ കിട്ടിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എം.പിയാക്കാനും എം.എല്‍.എയാക്കാനും നിര്‍ത്തിയിട്ടുണ്ട്. അച്ഛനുണ്ടായിരുന്ന കാലംതൊട്ട് മരിക്കുന്ന കാലംവരെ എല്ലാ സുഖസൗകര്യങ്ങളും ഗുണങ്ങളും എല്ലാ അര്‍ഥത്തിലും അനുഭവിച്ചയാളാണ് പത്മജ. അത് കൂടാതെ തന്നെ കോണ്‍ഗ്രസിൽ നിന്ന് വിട്ട് മറ്റൊരു കോണ്‍ഗ്രസിലേക്ക് പോവുകയും മറ്റ് ചില ഐക്യമുന്നണിയില്‍ ചെന്നുചേരുകയും ചെയ്ത പാരമ്പര്യമാണ് ഇവര്‍ക്കുള്ളത്.

അതുകൊണ്ട് ഒരു പാര്‍ട്ടിയില്‍ സ്ഥിരമായി നില്‍ക്കുന്നൊരു ശൈലിയില്ല. കാരണം കരുണാകരന്റെ കോണ്‍ഗ്രസ് തന്നെ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയിട്ടുണ്ട്. അതുകഴിഞ്ഞ് കരുണാകരന്റെ മകള്‍ ഇപ്പോള്‍ വേറൊരു പാര്‍ട്ടിയിലേക്ക് പോവുക എന്നത് അവരുടെ പാരമ്പര്യവും സ്വഭാവവും പ്രത്യേകതയുമായിരിക്കാം. ഇക്കരെ കണ്ട അക്കരപ്പച്ച തിരക്കി പോകുന്നതാണ്. അവിടെ വലിയ പരിരക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് പോകുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

അവസരം കിട്ടിയില്ല എന്നതിന്റെ പേരില്‍ പാര്‍ട്ടി മാറുന്നത് രാഷ്ട്രീയഭിക്ഷാംദേഹികള്‍ക്ക് നല്ലതായിരിക്കുമെങ്കിലും സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കാണുമ്പോള്‍ അത് മനസിലാകില്ല. ആന്റണിയുടെ മകന്‍ പോയി എന്ന് പറഞ്ഞാല്‍, ഒരു രാഷ്ട്രീയത്തിലേക്കേ പോയിട്ടുള്ളൂ. പല രാഷ്ട്രീയത്തിലേക്ക് പോയിട്ടില്ല. എന്നാല്‍ കരുണാകരന്‍റെ മകള്‍ എത്ര രാഷ്ട്രീയത്തില്‍ വന്നു. കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് പിളര്‍ന്ന് വേറൊരു കോണ്‍ഗ്രസുണ്ടാക്കി. ഡി.ഐ.സിയില്‍ പോയി. അങ്ങനെ വേറെ പല മുന്നണിയിലേക്കും പോകാന്‍ ഇടതുപക്ഷത്തേക്ക് വരെ ചെരിഞ്ഞുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇങ്ങനെ ചാടിച്ചാടി നടക്കുകയല്ലായിരുന്നോ. എന്തായാലും ബി.ജെ.പിയില്‍ ചെല്ലട്ടെ. ഇനി അവിടെ ചെന്നിട്ട് എന്തുകിട്ടുമെന്ന് കാത്തിരുന്നു കാണാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

പത്മജ ബി.ജെ.പിയിൽ ചേർന്നത് കൊണ്ട് മെമ്പർഷിപ്പിന്‍റെ കാശ് കിട്ടുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു. തല്‍കാലം ഇപ്പോള്‍ അതേ കിട്ടൂവെന്നാണ് തനിക്ക് തോന്നുന്നതെന്നും വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.

Tags:    
News Summary - Vellappally Natesan mocking Padmaja Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.