കൊലപാതകത്തിന് ശേഷം അഫാൻ ഉപേക്ഷിച്ച ബൈക്ക് വീടിന് സമീപത്ത്
തിരുവനന്തപുരം: നാടിനെ നടുക്കിയ കൊലപാതകവിവരം പുറത്ത് വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും നാട്ടുകാരുടെ നടുക്കം മാറിയില്ല. രാവിലെ പത്തിനും വൈകുന്നേരം ആറിനുമിടയിൽ മൂന്ന് വീടുകളിൽ ചെന്ന് അറുകൊല നടത്തിയ അഫാനെ കുറിച്ചുള്ള സംസാരം തന്നെയാണ് നാടുമുഴവുൻ.
23 കാരനായ തങ്ങളുടെ അയൽക്കാരൻ അഞ്ച് കൊലപാതകം ചെയ്തത് വിശ്വസിക്കാനാവാതെ ഞെട്ടലിലാണ് പ്രദേശവാസികൾ. സമൂഹവുമായും പ്രദേശവുമായി വലിയ ബന്ധമൊന്നുമില്ലാത്ത സ്വഭാവക്കാരനാണ് അഫാൻ. നാട്ടിൽ സുഹൃത്തുക്കൾ ഉള്ളതായി അറിവില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
വീട്ടിൽ നിന്ന് അധികം പുറത്തിറങ്ങാത്തയാളാണെന്നും പറയുന്നു. സമീപത്തുള്ള ജങ്ഷനിൽ എന്തെങ്കിലും ആവശ്യത്തിനല്ലാതെ പ്രതി പുറത്തിറങ്ങുന്നതായി ആരും കണ്ടിട്ടില്ല.
നാട്ടിൽ ഒരു പ്രശ്നവും ഇതുവരെ പ്രതി ഉണ്ടാക്കിയതായും അറിവില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രതി മാതാവിനൊപ്പം കാറിൽ ബാങ്കിൽ പോകുന്നതും നാട്ടുകാർ കണ്ടിട്ടുണ്ട്. കഴിഞ്ഞദിവസം പ്രതി തന്റെ പെൺസുഹൃത്തായ ഫർസാനയോടൊപ്പം ബൈക്കിൽ പോകുന്നത് ഒരു ബന്ധു കണ്ടതായും പറഞ്ഞു.
‘എല്ലാവരോടും നന്നായി സംസാരിക്കുന്ന നല്ല ചെറുക്കനായിരുന്നു അവൻ, എനിക്ക് ചെറുപ്പം മുതലേ അവനെ അറിയാം. അഫാനെപ്പറ്റി നാട്ടിലെ ആശ വർക്കർ പറഞ്ഞ വാക്കുകളാണിത്. നാട്ടിൽ എല്ലാവരോടും സൗമ്യമായി പൊരുമാറുന്ന അഫാൻ ഒരിക്കലും ഇത്തരം ക്രൂരത ചെയ്യുമെന്ന് കരീതിയില്ലെന്നും ഇവർ പറയുന്നു.
അഫാനെതിരെ പാങ്ങോട്, വെഞ്ഞാറമൂട് സ്റ്റേഷനുകളിലായി മൂന്ന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തതായി ഡിവൈ.എസ്.പി സുദർശനനൻ പറഞ്ഞു. അഫാൻ വിഷം കഴിച്ച് മെഡിക്കൽ കസ്റ്റഡിലായതിനാൽ സാവധാനമേ വിശദമായി ചോദ്യം ചെയ്യാനാവൂ എന്ന് അദ്ദേഹം പറഞ്ഞു.
കൃത്യം ചെയ്യാനുപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഏത് ആയുധമാണ് കൊലക്ക് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം കൂടപ്പിറപ്പിനെയും മാതാവിനെയും ഉൾപ്പെടെ അറുകൊലക്ക് ഇരയാക്കിയ അഫാൻ എലാറ്റിനും ഉപയോഗിച്ചത് ഒരേ ആയുധം. തിങ്കളാഴ്ച രാവിലെ പത്തോടെ ആദ്യം ഉമ്മയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിന്നീട് പുറത്തുപോയി ചുറ്റികയുമായി തിരികെ വന്ന് ഉമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് അനുമാനം. അതേ ചുറ്റിക ഉപയോഗിച്ചാണ് അഞ്ചുപേരെയും കൊലപ്പെടുത്തിയത്. എല്ലാവരുടെയും നെറ്റിയിൽ ആഞ്ഞടിച്ച രീതിയിലാണ് മുറിവുകൾ.
വെഞ്ഞാറമൂട്ടിലെ കൂട്ടകൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. രണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാലും വ്യാപ്തിയും പരിഗണിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന. ചൊവ്വാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ യോഗം ചേർന്ന് തീരുമാനം ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.