കാസർകോട്: വാർഡിലേക്കുപോലും എതിരില്ലാതെ ജയിക്കുന്നത് അപൂർവമായിരിക്കുന്ന കാലത്ത് നിയമസഭയിലേക്ക് എതിരില്ലാെത തെരഞ്ഞെടുക്കപ്പെടുകയോ? അവിശ്വസനീയം. എന്നാൽ, മഞ്ചേശ്വരത്തിന് അങ്ങനെയും ചരിത്രമുണ്ട്. ഐക്യകേരളം വന്നശേഷം 1957ൽ നടന്ന തെരഞ്ഞെടുപ്പിൽ കർണാടക സമിതിക്കുവേണ്ടി മത്സരിച്ച എം. ഉമേഷ് റാവു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന വന്നപ്പോൾ കാസർകോട് താലൂക്ക് കേരളത്തിലായി. കാസർകോട് താലൂക്കിലെ കന്നടപ്രദേശങ്ങൾ കേരളത്തിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് കർണാടക സമിതിയുണ്ടായത്. അതിെൻറ നേതാവാണ് എം. ഉമേഷ്റാവു. താലുക്കിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ബന്ധപ്പെട്ട ഭാഷാസംസ്ഥാനത്തിൽ ലയിക്കണം. അങ്ങനെ അന്നത്തെ കാസർകോട് താലൂക്ക് കേരളത്തിൽ ലയിച്ചു.
അന്ന് ദക്ഷിണ കന്നട വേർപെടുേമ്പാൾ മഹാകവി ടി. ഉബൈദ് കവിതയെഴുതി 'വിടതരികമ്മേ കന്നട ധാത്രി കേരള ജനനി വിളിക്കുന്നു' എന്ന്. ദക്ഷിണ കന്നടയുടെയും കാസർകോടിെൻറയും പാർലമെൻറ് മണ്ഡലം ഒന്നായിരുന്നു. കാസർകോെട്ട കന്നട ഭാഷ സംസാരിക്കുന്നവർക്ക് ഇത് ഉൾക്കൊള്ളാനാകുമായിരുന്നില്ല. അവർ കർണാടക സമിതിയുണ്ടാക്കി. 1955ലാണ് സമിതിയുടെ ഉത്ഭവം. തുടർന്ന് വലിയ 'വിഘടന' പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. എം. ഉമേഷ് റാവു ആയിരുന്നു ആദ്യനേതാവ്.
കർണാടകത്തിൽ ലയിക്കണമെന്ന അവരുടെ ആവശ്യം ബാലറ്റിലൂടെ ബോധ്യപ്പെടുത്താൻ കർണാടക സമിതി ഉമേഷ് റാവുവിനെ മഞ്ചേശ്വരത്ത് സ്ഥാനാർഥിയാക്കി. എതിരില്ലാതെ അദ്ദേഹം എം.എൽ.എയായി. 1957ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐയുടെ പിന്തുണ കർണാടക സമിതിക്ക് ലഭിച്ചു. കർണാടക സമിതിയുടെ പിന്തുണ ലോക്സഭയിലേക്ക് എ.കെ.ജിക്കും. ഉമേഷ് റാവുവിനുശേഷം കെ. മഹാലിംഗ ഭണ്ഡാരിയായി കർണാടക സമിതിയുടെ നേതാവ്.
മഞ്ചേശ്വരത്തിന് പുറമെ കാസർകോട് മണ്ഡലത്തിൽ 1967ൽ മുസ്ലിം ലീഗിലെ അഡ്വ. ഹമീദലി ഷംനാടിനെ കർണാടകസമിതിയുടെ അഡ്വ. യു.പി. കുനിക്കുല്ലായ പരാജയപ്പെടുത്തി എം.എൽ.എയായി. ക്രമേണ മഞ്ചേശ്വരത്ത് കർണാടക സമിതിയുടെ പ്രവർത്തനം നിർജീവമാകുകയും അവർ ഏറെയും ഹിന്ദുവർഗീയതയിലേക്ക് മാറുകയും ചെയ്തു. മഞ്ചേശ്വരത്ത് യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി ത്രികോണമത്സരത്തിലേക്ക് കടന്നത് അങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.