തിരുവനന്തപുരം: പാഴ്സലായി അയച്ച സാധനസാമഗ്രികളിൽ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പൊലീസ് ഓഫിസറെന്ന വ്യാജേന വിഡിയോ കോൾ ചെയ്ത് കൊല്ലം സ്വദേശിയുടെ 40 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ പൊലീസ് സൈബർ വിഭാഗത്തിലെ മുതിർന്ന പൊലീസ് ഓഫിസറെന്ന വ്യാജേനയാണ് പാഴ്സലയച്ച ആളെ തട്ടിപ്പുകാർ വിഡിയോ കോൾ ചെയ്തത്. പാഴ്സലിനുള്ളിൽ എം.ഡി.എം.എ ഉൾപ്പെടെ മയക്കുമരുന്ന് ഉൽപന്നങ്ങളുണ്ടെന്ന് പറഞ്ഞു.
വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും നിർദേശിച്ചു. തുടർന്നാണ് 40,30,000 രൂപ അവർ നിർദേശിച്ച അക്കൗണ്ടിലേക്ക് അയച്ചുനൽകിയത്. പ്രശസ്ത കൊറിയർ കമ്പനിയുടെ കസ്റ്റമർ സർവിസ് സെന്ററിൽനിന്നെന്ന് പരിചയപ്പെടുത്തി വന്ന ഫോൺ കോളിലാണ് തട്ടിപ്പിന്റെ തുടക്കം. മുംബൈയിൽനിന്ന് തായ്ലന്റിലേക്കയച്ച പാഴ്സലിൽ പാസ്പോർട്ട്, ക്രെഡിറ്റ് കാർഡ്, ലാപ്ടോപ് എന്നിവ കൂടാതെ 200 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയതിനാൽ മുംബൈ പൊലീസ് പിടിച്ചുവെച്ചിരിക്കുകയാണെന്ന് പറഞ്ഞു. പാഴ്സൽ അയക്കുന്നതിന് പരാതിക്കാരന്റെ അക്കൗണ്ട് നമ്പർ, ഫോൺ നമ്പർ, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞു.
മുംബൈയിൽ പോയിട്ടില്ലെന്നും പാഴ്സൽ അയച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പരാതിക്കാരൻ കൊല്ലം പൊലീസിൽ പരാതി നൽകാൻ പോകുകയാണെന്നറിയിച്ചു. സംഭവം മുംബൈയിൽ നടന്നതിനാൽ അവിടെ പരാതി കൊടുക്കണമെന്നായിരുന്നു ഫോൺ വിളിച്ചയാളുടെ നിർദേശം. മുംബൈ സൈബർ ക്രൈം സെൽ തലവനെ കണക്ട് ചെയ്യാമെന്ന് പറഞ്ഞ് ഫോൺ കൈമാറി. പരാതിക്കാന്റെ ആധാർ നമ്പർ ഉപയോഗിച്ച് 13 സ്ഥലങ്ങളിൽ തീവ്രവാദികൾക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്നാണ് ഇയാൾ പറഞ്ഞത്. പിന്നീട് കേസന്വേഷിക്കുന്ന ഐ.പി.എസ് ഓഫിസറെന്ന വ്യാജേന മറ്റൊരാൾക്ക് ഫോൺ കൈമാറി. സ്കൈപ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അതിനായി ഒരു ലിങ്ക് അയച്ചുനൽകി.
വിഡിയോ കോളിലെത്തിയ പൊലീസ് ഓഫിസറെന്ന് ഭാവിച്ചയാൾ പരാതിക്കാന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ച് മനസ്സിലാക്കി. അക്കൗണ്ടിലെ പണം നിയമവിധേയമാണോ എന്നറിയാൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ് വെയറിൽ പരിശോധിക്കണമെന്നും നിയമവിധേയമാണെങ്കിൽ പണം തിരിച്ചുനൽകുമെന്നും അദ്ദേഹം പറഞ്ഞു. അവർ നൽകിയ അക്കൗണ്ടിലേക്ക് പരാതിക്കാരൻ 40,30,000 രൂപ ഓൺലൈനായി അയച്ചുനൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.