k vidya

വ്യാജരേഖ കേസില്‍ വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രം

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കരിന്തളം ഗവ. കോളജിലെ അധ്യാപക നിയമനത്തിനായി എസ്‌.എഫ്‌.ഐ മുന്‍ നേതാവ് കെ. വിദ്യ വ്യാജരേഖ ഉണ്ടാക്കിയെന്ന് കുറ്റപത്രം. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നീലേശ്വരം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വിദ്യ മാത്രമാണ് കേസിലെ പ്രതി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ വിദ്യ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

വ്യാജരേഖ നിര്‍മിക്കാന്‍ മറ്റാരുടെയും സഹായം വിദ്യക്ക് ലഭിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. വ്യാജരേഖ നിര്‍മിക്കല്‍, സമര്‍പ്പിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് നിയമനം നേടിയതില്‍ കരിന്തളം കോളജ് അധികൃതര്‍ വിദ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

എറണാകുളം മഹാരാജാസ് കോളജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗെസ്റ്റ് ലെക്ചററായിരുന്നു എന്ന രേഖയാണ് വിദ്യ വ്യാജമായി നിര്‍മിച്ചത്. കോളജിന്റെ ലെറ്റര്‍പാഡ്, സീല്‍, മുദ്ര എന്നിവ വ്യാജമായി ഉണ്ടാക്കിയാണ് ജോലിക്കായി അപേക്ഷിച്ചത്. അട്ടപ്പാടി ആര്‍.ജി.എം ഗവ. ആര്‍ട്സ് ആൻഡ്​ സയന്‍സ് കോളജില്‍ ഗെസ്റ്റ് ലെക്ചറര്‍ അഭിമുഖത്തിന് ചെന്നപ്പോഴാണ് ഈ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ അട്ടപ്പാടി കോളജ് അധികൃതര്‍ മഹാരാജാസ് കോളജുമായി ബന്ധപ്പെടുകയായിരുന്നു. മഹാരാജാസ് കോളജ് അധികൃതരാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് സ്ഥിരീകരിച്ചത്. അട്ടപ്പാടി കോളജില്‍ അഭിമുഖത്തിന് പോകുന്നതിന് മുമ്പാണ് കാസര്‍കോട് കരിന്തളം ഗവ. കോളജില്‍ വിദ്യ ഗെസ്റ്റ് ലെക്ചററായി ജോലി ചെയ്തത്. ത​ന്റെ മൊബൈൽ ഫോണിൽ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഇതിന്റെ ഒറിജിനൽ നശിപ്പിച്ചുവെന്നുമാണ് വിദ്യയുടെ മൊഴി.

Tags:    
News Summary - Vidya did not get help from anyone else in the forgery case police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.