പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റു ചെയ്തു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുണ്ടായിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇന്ന് രാവിലെ 10.25ഓടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിൽ ഇന്ന് രാവിലെ വിജിലൻസ് എത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് വീട്ടുകാർ നൽകിയത്. ഇതിന് പിന്നാലെയാണ് വിജിലൻസ് ആശുപത്രിയിലെത്തിയത്. ഡോക്ടറുമായി സംസാരിച്ച ശേഷമാണ് അറസ്റ്റെന്നാണ് വിവരം. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനില വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടികൾ.

പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അഞ്ചാംപ്രതിയാണ് യു.ഡി.എഫ് സർക്കാറിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ്. പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ്‌, കരാർ കമ്പനി ആർ.ഡി.എസ്‌ പ്രോജക്ട്‌സ് എം.ഡി സുമിത്‌ ഗോയൽ, കിറ്റ്‌കോ ജനറൽ മാനേജർ ബെന്നിപോൾ, റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ ഡെവലപ്‌മെന്‍റ് കോർപറേഷൻ കേരള (ആർ.ബി.ഡി.സി.കെ) അസി. ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരും പ്രതികളാണ്‌.

വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ടി.ഒ. സൂരജ് മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. കരാര്‍ എടുത്ത ആര്‍ഡിഎസിന് മുന്‍കൂര്‍ പണം നല്‍കാന്‍ തീരുമാനിച്ചത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ കൂടി അറിവോടെയാണെന്നായിരുന്നു ടി.ഒ. സൂരജിന്‍റെ മൊഴി. കമ്പനിക്ക് മുന്‍കൂറായി എട്ട് കോടി രൂപ നല്‍കിയെന്നായിരുന്നു കേസ്. സൂരജ് ഉള്‍പ്പെടെ നാല് പേരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.